'പാർടിയും ചിഹ്നവും വേണം': കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ച് ടിഎംസി നേതാവ് ഋതബ്രത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ നിർണായക നീക്കം. പാർടിയുടെ ഉടമസ്ഥാവകാശവും ഔദ്യോഗിക ചിഹ്നവും തങ്ങൾക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ (ഇസിഐ) സമീപിച്ചു. ന്യൂഡൽഹിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് എത്തിയ 10 അംഗ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള മുഴുവൻ ബെഞ്ചുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങളുടെ അവകാശവാദം ഉന്നയിച്ചത്.
കഴിഞ്ഞ ജൂൺ 22 ന് നടന്ന വിമത വിഭാഗത്തിന്റെ പ്രത്യേക സമ്മേളനത്തിലാണ് പാർടിയുടെയും ചിഹ്നത്തിന്റെയും ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ നേരിട്ട് കാണാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി കൊൽക്കത്തയിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലും ഇവർ രേഖാമൂലം അപേക്ഷ സമർപ്പിച്ചിരുന്നു. വിഷയത്തിൽ കമീഷന്റെ ഭാഗത്തുനിന്ന് ഉടൻ തന്നെ അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഋതബ്രത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ അവകാശവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സംസ്ഥാനത്തെ 291 മണ്ഡലങ്ങളിലും മമത ബാനർജിയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയിട്ടും പാർടി പരാജയപ്പെട്ടുവെന്നും ബംഗാളിലെ ജനവിധി തൃണമൂലിന് എതിരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായത്. പാർടിയിലെ 80 എംഎൽഎമാരിൽ 64 പേരും മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരികയും വിമത ചേരി രൂപീകരിക്കുകയുമായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കാനാകാത്ത വിധം വളർന്നു. നിലവിൽ ഭൂരിപക്ഷം വരുന്ന ഈ വിമത വിഭാഗം ഋതബ്രത ബാനർജിയെ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കുകയും, മമതയെ മാറ്റിനിർത്തിക്കൊണ്ട് 30 അംഗങ്ങളുള്ള പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റി (എൻഡബ്ല്യുസി) പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബംഗാൾ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ നിയമപ്പോരാട്ടങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.











0 comments