ad
Deshabhimani

print edition ബംഗാളിൽ പശുവിന്റെ പേരിലുള്ള ബിജെപി നീക്കം തിരിച്ചടിച്ചു

bengal cow fitnes
avatar
സ്വന്തം ലേഖകൻ

Published on May 25, 2026, 12:13 AM | 1 min read

ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച്‌ പശുവിന്റെ പേരിലുള്ള രാഷ്‌ട്രീയ നീക്കം കടുപ്പിച്ച പശ്‌ചിമ ബംഗാളിലെ ബിജെപി സർക്കാരിന്റെ പദ്ധതി തിരിച്ചടിക്കുന്നു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ കന്നുകാലി കശാപ്പ്‌ നിയമം ശക്തമാക്കി വിജ്ഞാപനമിറക്കിയത്‌ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന്‌ വിമർശം ശക്തമായിരുന്നു. എന്നാൽ, ഹിന്ദു വിഭാഗത്തിൽ നിന്നടക്കം ഉപജീവനത്തിനായി കന്നുകാലികളെ വളർത്തുന്നവരും കച്ചവടക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.


ആക്രമണവും നിയമ നടപടിയും ഭയന്ന്‌ ബക്രീദിന്‌ പശുക്കളെ വാങ്ങേണ്ടെന്ന്‌ ഇസ്‌ലാം മതവിശ്വാസികൾ തീരുമാനിച്ചതോടെ ഇതര മതക്കാരായ കച്ചവടക്കാരടക്കം പ്രതിസന്ധിയിലായി. ​ വർഗീയ ധ്രുവീകരണം ശക്തമാക്കാൻ നടപ്പാക്കിയ നിയന്ത്രണം പാളിയതോടെ പശുക്കളെ അറക്കരുതെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ മന്ത്രി അഗ്നിമിത്ര പോൾ ന്യായീകരിച്ചു. ബക്രീദ്‌ ആഘോഷങ്ങളിൽനിന്ന്‌ പശുക്കളെ ഒഴിവാക്കാൻ മുസ്ലിം പണ്ഡിതർ ആഹ്വാനംചെയ്‌തത്‌ ന്യൂനപക്ഷ സമുദായം ഏറ്റെടുത്തതാണ്‌ ബിജെപി കണക്കുകൂട്ടൽ തെറ്റിച്ചത്‌.


പകരം ആടുകളെയോ മറ്റ്‌ കന്നുകാലികളെയോ ഉപയോഗിക്കാനാണ്‌ അഭ്യർഥന. ബംഗാളിലെ പ്രധാന ഹിന്ദുവിഭാഗമായ ഘോഷ്‌ വിഭാഗക്കാരാണ്‌ പ്രധാന കന്നുകാലി കച്ചവടക്കാർ. കറവ വറ്റിയ പശുക്കളെ എന്തുചെയ്യുമെന്നും ഇവയെ വിറ്റിട്ട്‌ വായ്‌പ തിരിച്ചടയ്‌ക്കാൻ ലക്ഷ്യമിട്ടത്‌ പാളിയെന്നും ആളുകൾ പരാതിപ്പെട്ടു. ആർഎസ്‌എസ്‌–സംഘപരിവാർ അനുഭാവികളായി അറിയപ്പെടുന്ന ഘോഷ്‌ വിഭാഗം എതിർപ്പുയർത്തിയതോടെ ബിജെപി അങ്കലാപ്പിലായി. 1950ലെ കന്നുകാലി കശാപ്പ്‌ നിയന്ത്രണ നിയമത്തിലാണ്‌ അധികാരമേറ്റയുടൻ ബിജെപി കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്‌.

കാലികൾക്ക്‌ 14 വയസ്‌ പൂർത്തിയാകണം, സർക്കാർ അംഗീകാരമുള്ള കേന്ദ്രങ്ങളിൽ മാത്രമേ കശാപ്പ്‌ പാടുള്ളു തുടങ്ങിയവയാണ്‌ പുതിയ നിയന്ത്രണം. ലംഘിച്ചാൽ ആറുമാസം തടവും ആയിരം രൂപ പിഴയുമാണ്‌ ശിക്ഷ. സംഘപരിവാറും പൊലീസും ചേർന്ന്‌ കന്നുകാലികളുമായി പോകുന്ന വാഹനങ്ങൾ തടയാൻ തുടങ്ങിയിരുന്നു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home