ad
Deshabhimani

ബംഗാൾ തെരഞ്ഞെടുപ്പ്: പൊലീസിന് കൂട്ടസ്ഥലംമാറ്റം; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ELECTION COMMISSION OF INDIA
വെബ് ഡെസ്ക്

Published on Mar 30, 2026, 01:10 PM | 1 min read

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പശ്ചിമ ബംഗാളിൽ പൊലീസ്-ഭരണതലങ്ങളിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളുടെ ചുമതലയുള്ള 173 പൊലീസ് ഉദ്യോഗസ്ഥരെയാണ് കമ്മീഷൻ അടിയന്തരമായി സ്ഥലംമാറ്റിയത്.


മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി സംസ്ഥാന അധ്യക്ഷൻ സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭബാനിപൂർ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ദേശീയ ശ്രദ്ധയാകർഷിച്ച ഭബാനിപൂർ മണ്ഡലത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ സൗമിത്ര ബസുവാണ് പുതിയ ചുമതലക്കാരൻ.


അലിപൂർ, ടോളിഗഞ്ച്, ഗരിയാഹത്ത് തുടങ്ങി കൊൽക്കത്തയിലെ പ്രമുഖ സ്റ്റേഷനുകളിലെല്ലാം മാറ്റം ബാധകമായി. പൊലീസിന് പുറമെ 18 ജില്ലകളിലായി 83 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാരെയും റിട്ടേണിംഗ് ഓഫീസർമാരെയും കമ്മീഷൻ സ്ഥലംമാറ്റി. നന്ദിഗ്രാം അടക്കമുള്ള 14 ബ്ലോക്കുകളിലെ ബിഡിഒമാർക്കും പുതിയ നിയമനം നൽകി.


കൂച് ബെഹാർ, മാൽഡ, മുർഷിദാബാദ്, ബിർഭും, പശ്ചിം മേദിനിപുർ, ഹൗറ, നോർത്ത്-സൗത്ത് 24 പർഗനാസ് തുടങ്ങിയ ജില്ലകളിലെ ഉദ്യോഗസ്ഥർക്കാണ് മാറ്റം. കേന്ദ്രവും ബംഗാൾ സർക്കാരും തമ്മിലുള്ള രാഷ്ട്രീയപ്പോര് നിലനിൽക്കെ, കമ്മീഷന്റെ ഈ നടപടി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഇത്തരം സ്ഥലംമാറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മമത ബാനർജി ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home