ജാദവ്‌പുർ സർവകലാശാലയിൽ സംഘർഷം: വിദ്യാർഥികൾക്കുനേരെ മന്ത്രിയുടെ കാർ ഓടിച്ചുകയറ്റി

ജാദവ്‌പുർ സർവകലാശാലയിൽ വിദ്യാർഥികൾക്കുനേരെ വിദ്യാഭ്യാസ മന്ത്രിയുടെ കാർ ഓടിച്ചുകയറ്റിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ എസ്‌എഫ്‌ഐ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കൊൽക്കത്ത : ജാദവ്‌പുർ സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിന്റെ കാർ ഓടിച്ചുകയറ്റി. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. എസ്‌എഫ്‌ഐ പ്രവർത്തകനടക്കം രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു.
സർവകലാശാലയിലെത്തിയ മന്ത്രി ബ്രത്യ ബസുവിനെ വിദ്യാർഥികൾ തടഞ്ഞുവച്ചു. ഇതോടെ, മന്ത്രിയുടെ കാർ വിദ്യാർഥികൾക്കുനേരെ ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. മന്ത്രിയുടെ കാറിന് കേടുപാടുണ്ടായി. ഗ്ലാസുകൾ തകർന്നു. താൻ ഉന്തിലും തള്ളിലും പെട്ടെന്ന് പ്രതികരിച്ച മന്ത്രി എസ്‌എസ്‌കെഎം ആശുപത്രിയിൽ ചികിത്സതേടി.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സർവകലാശാലകളിൽ തിങ്കളാഴ്‌ച പഠിപ്പ് മുടക്കുമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് പറഞ്ഞു. പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെ, തൃണമൂൽ കോൺഗ്രസ് വ്യാപക ആരോപണങ്ങളുമായി രംഗത്തെത്തി. സംഘർഷത്തിൽ നിരവധി അധ്യാപകർക്ക് മർദനമേറ്റെന്നും യൂണിയൻ ഓഫീസ് തകർത്തെന്നും തൃണമൂലിന്റെ അധ്യാപക അസോസിയേഷൻ ഡബ്ല്യുബിസിയുപിഎ ആരോപിച്ചു. സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനാണ് മന്ത്രി സർവകലാശാലയിൽ എത്തിയത്.










0 comments