ad
Deshabhimani

print edition ഭബാനിപുരിലെ റിട്ടേണിങ് ഓഫീസർ മുഖ്യമന്ത്രി ഓഫീസിൽ; തെരഞ്ഞെടുപ്പ്‌ ഓഫീസറെ ചീഫ് സെക്രട്ടറിയാക്കി

Suvendu Adhikari
വെബ് ഡെസ്ക്

Published on May 12, 2026, 12:34 AM | 1 min read

കൊൽക്കത്ത: ​പശ്ചിമ ബംഗാളിൽ ബിജെപിക്ക്‌ അധികാരം പിടിക്കാൻ വഴിവിട്ട്‌ പ്രവർത്തിച്ചെന്ന്‌ ആരോപണമുള്ള ഉദ്യോഗസ്ഥരെ ഉന്നതപദവികളിൽ നിയമിച്ച്‌ മുഖ്യമന്ത്രി സുവേന്ദു അധികാരി. എസ്‌ഐആർ പ്രക്രിയയുടെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതല വഹിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കി. ഉത്തരവിറങ്ങുംമുമ്പേ അഗർവാൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുകയും ചെയ്‌തു.


സുവേന്ദു മമത ബാനർജിയെ തോൽപ്പിച്ച ഭബാനിപുർ മണ്ഡലത്തിൽ റിട്ടേണിങ് ഓഫീസറായിരുന്ന സുർജിത് റോയിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സീനിയർ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. സിവിൽ സർവീസിലെയും ഭരണപരിഷ്‌കാര വകുപ്പിലെയും 10 ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി.


തെരഞ്ഞെടുപ്പുവേളയിൽ പല വഴിവിട്ട നടപടികളും സ്വീകരിച്ചെന്ന്‌ ആരോപണം നേരിട്ടയാളാണ്‌ സുർജിത് റോയ്. സുവേന്ദു കഴിഞ്ഞതവണ നന്ദിഗ്രാമിൽ ജയിച്ചപ്പോൾ സുർജിത് ബിഡിഒ ആയിരുന്നു. ഇക്കുറി ഭബാനിപുരിൽ റിട്ടേണിങ്‌ ഓഫീസറാക്കിയപ്പോൾ പദവിയിൽനിന്ന് മാറ്റണമെന്ന് തൃണമൂൽ ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ്‌ കമീഷൻ ചെവിക്കൊണ്ടില്ല.


വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ മമതയെ അനുവദിക്കാതിരുന്നതിനെത്തുടർന്ന്‌ വോട്ടെണ്ണൽ നിർത്തിവയ്‌ക്കേണ്ടിവന്നിരുന്നു. എജന്റുമാരെ ഇറക്കിവിട്ട്‌ വോട്ടെണ്ണലിൽ കൃത്രിമം നടത്തുന്നതായി പരാതിപ്പെട്ടപ്പോൾ റിട്ടേണിങ് ഓഫീസറുടെ നിർദേശപ്രകാരം തന്നെ കേന്ദ്രസേന ഉപദ്രവിച്ചെന്നും മമത പരാതി ഉന്നയിച്ചിരുന്നു. മമതയുടെ സമയത്ത് തഴയപ്പെട്ടിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടംപിടിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home