ബംഗാൾ പോളിങ് ബൂത്തിൽ; ഇതുവരെ വോട്ട് ചെയ്തത് 78.77% പേർ

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി ബിർഭുമിലെ ഒരു പോളിങ് സ്റ്റേഷന് പുറത്ത് ദൃശ്യമായ വോട്ടർമാരുടെ നീണ്ട നിര (Photo: ANI)
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വ്യാഴാഴ്ച വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ 16 ജില്ലകളിലാണ് അദ്യഘട്ടത്തിൽ വോട്ടെടുപ്പ്. ആകെ 1478 സ്ഥാനാർഥികൾ. 3.60 കോടിയിലധികം വോട്ടർമാർ. ഇതിൽ 1.75 കോടി സ്ത്രീകളും 465 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു.
ഇടതുമുന്നണി സ്ഥാനാർഥികൾ പ്രചാരണഘട്ടത്തിൽ വലിയ സ്വീകാര്യതയോടെ മുന്നേറി. ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിൽ വലിയ ജനപങ്കാളിത്തമുണ്ടായി. സ്ഥാനാർഥികളിൽ നല്ലൊരു ഭാഗവും യുവാക്കളാണ്. തൃണമൂലിന്റെ അക്രമവും അഴിമതിക്കും ബിജെപിയുടെ വിദ്വഷപ്രചാരണത്തിനും ബംഗാൾ ജനത ശക്തമായ തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തൽ.
വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 91 ലക്ഷം പേരുകൾ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ബംഗാളിലെ 8,000-ത്തിലധികം പോളിങ് സ്റ്റേഷനുകൾ അതീവ ജാഗ്രത വേണ്ടവയായി തിരിച്ചറിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 2,450 കമ്പനി കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളെ (ഏകദേശം 2.5 ലക്ഷം പേർ) വിന്യസിച്ചു. 2,193 ക്വിക്ക് റെസ്പോൺസ് ടീമുകളെയും നിരീക്ഷണ യൂണിറ്റുകളെയും നിയോഗിച്ചു.
ഏപ്രിൽ 29ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മെയ് 4ന് വോട്ടെണ്ണൽ.
വൈകിട്ട് 3 വരെ 78.77 % വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.
ബൂത്തിൽ ക്യൂ നിൽക്കാൻ ആനയും! ബംഗാൾ പോളിങ് കേന്ദ്രത്തിൽ സർപ്രൈസ് വിസിറ്റ്
https://www.deshabhimani.com/News/national/west-bengal-assembly-election-2026-updates-05379
മുർഷിദാബാദ് ജില്ലയിലെ നവോദയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരും എജെയുപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ
രാവിലെ 11 വരെ 41.11% പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
റായ്പൂരിൽ രാവിലെ മുതൽ ആയുധധാരികളായ വ്യക്തികൾ നിലയുറപ്പിച്ചതായും ഇത് വോട്ടർമാരിൽ ആശങ്കയുണ്ടാക്കിയെന്നും നാട്ടുകാൾ പരാതിപ്പെട്ടു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (TMC) നേരെയാണ് ആരോപണം. പരാതി ഉയർന്നതിനെത്തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.
മുർഷിദാബാദിലെ ഡോംകലിൽ വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞതായും പോളിങ് സ്റ്റേഷനിലെത്തിയാൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം. ഈ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഡോംകലിലെ റായ്പൂർ ഗ്രാമത്തിൽ സിപിഐ എം പ്രവർത്തകനും മകനും നേരെ ആക്രമണം നടത്തിയ ടിഎംസി പ്രവർത്തകൻ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. മകന് ഗുരുതരമായി പരിക്കേറ്റു. നിലവിൽ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിഎം മെഷീൻ തകരാറുകളെ തുടർന്ന് ബെൽദംഗ (ബൂത്ത് 156), സംഷേർഗഞ്ച് (ബൂത്ത് 212), കാണ്ടി (ബൂത്ത് 130) എന്നിവിടങ്ങളിൽ വോട്ടിംഗ് തടസ്സപ്പെട്ടു. നന്ദിഗ്രാമിലെ ബിരുലിയയിൽ മെഷീൻ തകരാർ റിപ്പോർട്ട് ചെയ്തു. കൂച്ച് ബെഹാർ (ടൗൺ ഹൈസ്കൂൾ), മാൾഡ (ഹബീബ്പൂർ), സിലിഗുരി (മാർഗരറ്റ് സ്കൂൾ) എന്നിവിടങ്ങളിലും പോളിങ് വൈകി.
മോട്ടബാരി നിയോജകമണ്ഡലത്തിലെ ബലുവ ചര ഹൈസ്കൂൾ ബൂത്തിൽ വോട്ടെടുപ്പ് മുടങ്ങി. ഇവിഎം മെഷീൻ തകരാറിലായതിന് പിന്നാലെ ബന്ധപ്പെട്ട സെക്ടർ ഓഫീസറെ കാണാതായെന്ന് റിപ്പോർട്ട്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ രാവിലെ 9 വരെ 18.76% പോളിങ് രേഖപ്പെടുത്തി. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 ന് രാവിലെ 7 ന് ആരംഭിക്കും. വോട്ടെണ്ണൽ മെയ് 4 ന് നടക്കും.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, മുർഷിദാബാദിലെ രഘുനാഥ്‌ഗഞ്ച് ഗേൾസ് സ്കൂൾ ബൂത്തിൽ ഇവിഎം മെഷീൻ തകരാറിലായി. തുടർന്ന് വോട്ടെടുപ്പ് ദീർഘനേരം വൈകി. ഇത് വോട്ടർമാരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി.
മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ അജ്ഞാതർ പെട്രോൾ ബോംബ് എറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ആക്രമണം നടന്നതായാണ് വിവരം. നേരത്തെ നൗഡ ആക്രമണ സാധ്യതയുള്ള ബൂത്ത് ആണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര സേനയെ പ്രദേശത്ത് വിന്യസിച്ചു.











0 comments