ബൂത്തിൽ ക്യൂ നിൽക്കാൻ ആനയും! ബംഗാൾ പോളിങ് കേന്ദ്രത്തിൽ സർപ്രൈസ് വിസിറ്റ്
എഐ എൻഹാൻസ്ഡ് ചിത്രം
കൊൽക്കത്ത: രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടിലായിരുന്ന പശ്ചിമ ബംഗാളിലെ പോളിങ് ബൂത്തിൽ വോട്ടർമാരെ ഞെട്ടിച്ചുകൊണ്ട് ഒരു 'അതിഥി' എത്തി. രാഷ്ട്രീയ നേതാവോ സിനിമാ താരമോ ഒന്നുമല്ല, സാക്ഷാൽ കാട്ടാന! ജാർഗ്രാമിലെ വോട്ടർമാരുടെ നീണ്ട നിരയിലേക്കാണ് 'റാംലാൽ' എന്ന് നാട്ടുകാർ വിളിക്കുന്ന കൊമ്പൻ അപ്രതീക്ഷിതമായി കടന്നുവന്നത്.
വ്യാഴാഴ്ച പുലർച്ചെ വോട്ടെടുപ്പ് ആരംഭിച്ച് ചൂടുപിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ജംഗൽമഹൽ വനമേഖലയോട് ചേർന്നുള്ള ജിതുഷോൾ പ്രൈമറി സ്കൂളിലെ ബൂത്തിലേക്ക് റാംലാൽ പതിയെ നടന്നു കയറി. ക്യൂവിൽ നിന്നവർ ആദ്യം ഒന്ന് വിരണ്ടെങ്കിലും, റാംലാലിന്റെ ശാന്തമായ നടത്തം കണ്ടതോടെ പേടി കൗതുകത്തിന് വഴിമാറി. ബൂത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനടുത്ത് അല്പനേരം നിലയുറപ്പിച്ച ആന, വോട്ടെടുപ്പ് പ്രക്രിയയെ നിമിഷനേരം കൊണ്ട് നിശ്ചലമാക്കി.
ബഹളങ്ങളൊന്നുമില്ലാതെ, ഉദ്യോഗസ്ഥരെയും വോട്ടർമാരെയും ഒന്ന് 'നോക്കിപ്പേടിപ്പിച്ച്' സമാധാനപരമായി റാംലാൽ കാട്ടിലേക്ക് തന്നെ മടങ്ങി. കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ ജാർഗ്രാമിൽ നിന്നുള്ള ഈ വാർത്തയും വീഡിയോകളും സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.












0 comments