അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനാവകാശം ലംഘിക്കുന്നത്: എസ്എഫ്ഐ

തിരുവനന്തപുരം: സെൻസസ് ഡ്യൂട്ടിയുടെ പേരിൽ അധ്യാപകരെ ആഴ്ചകളോളം ക്ലാസ് മുറികളിൽ നിന്ന് പൂർണമായി മാറ്റിനിർത്തുന്നത് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും കുട്ടികളുടെ പഠനമികവിനെയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണെന്ന് എസ്എഫ്ഐ. നിലവിലുള്ള ഉത്തരവ് പ്രകാരം അധ്യാപകർ സ്‌കൂളിൽനിന്ന് വിട്ടുനിൽക്കുന്നതോടെ രണ്ടാഴ്‌ചയാണ് അധ്യാപനം മുടങ്ങുന്നത്. ആഗസ്‌ത് 13ന് ഓണപരീക്ഷ നടക്കാനിരിക്കെ അധ്യാപകർ സ്‌കൂളിൽ എത്താതിരിക്കുന്നത് വലിയ ആശങ്കയാണ് വിദ്യാർഥികളിൽ സൃഷ്ടിച്ചിട്ടുള്ളത്.
കോവിഡ് കാലത്തിന് ശേഷം സ്കൂൾ വിദ്യാഭ്യാസം സാധാരണ നിലയിലാവുകയും, കൃത്യമായ അധ്യായന കലണ്ടർ അനുസരിച്ച് ക്ലാസുകൾ മുന്നോട്ട് പോവുകയും ചെയ്യുന്ന സാഹചര്യമാണിപ്പോഴുള്ളത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ളവ സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. ഈ ഘട്ടത്തിൽ അധ്യാപകരെ കൂട്ടത്തോടെ ഫീൽഡ് ഡ്യൂട്ടികൾക്ക് നിയോഗിക്കുന്നത് സാധാരണക്കാരായ വിദ്യാർഥികളുടെ പഠനാവകാശത്തെ ഹനിക്കുന്നതിന് തുല്യമാണ്.
വിദ്യാർഥികളുടെ പഠനാവകാശം അട്ടിമറിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങളിൽ നിന്നും അധികൃതർ പിന്മാറണം. സെൻസസ് നടപടികളിലേക്ക് അധ്യാപകരെ നിയോഗിക്കുമ്പോൾ, അത് സ്കൂളുകളിലെ പതിവ് അധ്യായന പ്രക്രിയയെയും വിദ്യാർഥികളുടെ പഠനത്തെയും ഒരു തരത്തിലും ബാധിക്കാത്ത വിധത്തിൽ ക്രമീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.










0 comments