മുംബൈയിൽ കനത്ത മഴ; മരം വീണ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

മഴ ശക്തമായ മുംബൈ നഗരത്തിൽ നിന്നുള്ള കാഴ്ച |Photo: Screengrab NDTV
മുംബൈ : കനത്ത മഴ തുടരുന്ന മുംബൈ നഗരത്തിൽ മരം കടപുഴകി വീണുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നു. ഗോരേഗാവ് എംജി റോഡിലെ ഒരു കെമിസ്റ്റ് ഷോപ്പിന് മുന്നിൽ കൂറ്റൻ മരം കടപുഴകി വീണ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. മരത്തിനടിയിൽ കുടുങ്ങിപ്പോയ ഇവരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ശാസ്ത്രീയമായ രീതിയിലല്ല ഇവിടെ മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റിയതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ആരോപിച്ച് നഗരസഭയുടെ ഗാർഡൻ ഡിപ്പാർട്ട്‌മെന്റിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
മറ്റൊരു അപകടത്തിൽ, കുർളയിൽ കടയുടെ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ യൂനുസ് ഹക്കീമുദ്ദീൻ ഷെയ്ഖ് (63) എന്നയാൾ മരം വീണ് മരിച്ചു. കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ ആഴ്ച മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വിഹാൻ ശ്രീവാസ്തവ എന്ന 11 വയസ്സുകാരൻ മരിക്കുകയും നാല് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേയ് മാസത്തിൽ കോർപ്പറേഷൻ അധികൃതർ പരിശോധിച്ച് സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിയ 60 വർഷത്തിലധികം പഴക്കമുള്ള ഒടിഞ്ഞുവീണ് മരണത്തിന് കാരണമായത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.










0 comments