ad
Deshabhimani

നാട്ടുകാരനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ വിശേഷം തിരക്കി; 25-ാം വയസിൽ മുങ്ങിയ കൊലക്കേസ് പ്രതി 40 വർഷത്തിനുശേഷം പിടിയിൽ

mohananpillai veliyam murder case accused

മോഹനൻ പിള്ളയുടെ ആദ്യകാല ഫോട്ടോ (ഇടത്), മോഹനൻ പിള്ള ഇപ്പോൾ (വലത്)

വെബ് ഡെസ്ക്

Published on Jul 05, 2026, 08:11 PM | 1 min read

എഴുകോൺ: കൊല്ലത്ത് സഹോദരി ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 25-ാം വയസില്‍ ഒളിവിൽപ്പോയ പ്രതി 40 വർഷങ്ങൾക്ക് ശേഷം പിടിയിൽ. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയെ(65) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരി സരസമ്മയുടെ ഭർത്താവ് ചന്ദ്രശേഖരൻപിള്ളയെയാണ്‌ മോഹനൻപിള്ള കൊലപ്പെടുത്തിയത്‌.


1987 ജനുവരി 11ന് വൈകിട്ട് ആറിനായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കിയ ചന്ദ്രന്‍പിള്ളയെ മോഹനൻപിള്ളയെ കൊടുവാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടി. ശേഷം മോഹനൻപിള്ള നാടുവിട്ടു. ആദ്യം വേളാങ്കണ്ണിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ പിന്നീട് കോട്ടയം കല്ലറ കാലയിൽ വീട്ടിൽ രാജൻ എന്ന പേരിൽ താമസിച്ച് തോട്ടം തൊഴിലാളിയായി ജോലി ചെയ്തു. അവിടെവച്ച് വിവാഹം കഴിച്ചു.


അടുത്തിടെ മോഹനൻപിള്ള അസുഖം ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോൾ വെളിയം സ്വദേശിയായ ഒരാളെ കണ്ടു. അപ്പോൾ നാട്ടിലെ വിശേഷങ്ങൾ തിരക്കിയിരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ മോഹനൻപിള്ളയെ കണ്ട് സംസാരിച്ച നാട്ടുകാരനെ പൊലീസ് കാണുന്നത്‌. തുടർന്ന്‌ പൂയപ്പള്ളി പൊലീസ് കോട്ടയം ഭാഗത്തും അന്വേഷണം നടത്തി.


വീടിനടുത്തുള്ള ഒരു കള്ളുഷാപ്പിൽ ജോലി ചെയ്യുകയായിരുന്ന മോഹനൻപിള്ള മദ്യ ലഹരിയിൽ വഴക്കിടുകയും 'കേസ് തനിക്ക് പുത്തരിയല്ല' എന്ന് പറയുകയും ചെയ്തു. ഈ വിവരവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി. തുടർന്നാണ് പ്രതിയെ പിടികൂടിയത്. രൂപമാറ്റം വന്നതിനാൽ ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സഹോദരി സരസമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരും ഇയാളെ തിരിച്ചറിഞ്ഞു.


പൂയപ്പള്ളി എസ്എച്ച്ഒ പി ഷാജിമോൻ, എസ്ഐമാരായ എം രജനീഷ്, ബാലാജി എസ് കുറുപ്പ്, സിപിഒമാരായ റിജു, വിപിൻ, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home