ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം: സൂറത്തിലും തിരുപ്പൂരിലും ടെക്സ്റ്റൈൽ മേഖല പ്രതിസന്ധിയിൽ; കയറ്റുമതി ചിലവ് 400 ശതമാനം ഉയർന്നു

Textile.jpg
വെബ് ഡെസ്ക്

Published on Mar 04, 2026, 01:08 PM | 1 min read

സൂറത്ത്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം കടുത്തതോടെ ഇന്ത്യയുടെ ടെക്സ്റ്റൈൽ വ്യവസായ മേഖല വലിയ പ്രതിസന്ധിയിലേക്ക്. രാജ്യത്തെ പ്രധാന വസ്ത്ര നിർമ്മാണ കേന്ദ്രങ്ങളായ സൂറത്തിലും തിരുപ്പൂരിലും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കയറ്റുമതിയിലുണ്ടായ തടസ്സങ്ങളും വ്യവസായികളെ കടുത്ത ആശങ്കയിലാക്കുന്നു.


ഷിപ്പിംഗ് ചിലവ് 400 ശതമാനത്തിലധികം വർദ്ധിച്ചതും ഓർഡറുകൾ റദ്ദാക്കപ്പെടുമെന്ന ഭീഷണിയും മേഖലയ്ക്ക് തിരിച്ചടിയായി. സൂറത്തിലെ സിന്തറ്റിക് ഫൈബർ നാരുകളുടെ വിലയിൽ കിലോഗ്രാമിന് 10 മുതൽ 15 രൂപ വരെ വർദ്ധനവുണ്ടായി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കം മൂലം അസംസ്കൃത എണ്ണവില ഉയരുന്നതാണ് ഇതിന് കാരണം.


ദിവസേന ആറ് കോടി മീറ്ററിലധികം തുണിത്തരങ്ങൾ ഉത്പാദിപ്പിക്കുന്ന സൂറത്തിൽ 300 മുതൽ 400 കോടി രൂപയുടെ വരുമാന നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കയറ്റുമതി വരുമാനം വൈകുന്നതും ഷിപ്പിംഗിലെ കാലതാമസവും മൂലം ചരക്കുകൾ കപ്പലുകളിൽ കുടുങ്ങിക്കിടക്കുകയാണ്.


തിരുപ്പൂരിലും സമാനമായ സ്ഥിതിയാണ്. പശ്ചിമേഷ്യയിലേക്കുള്ള നെയ്ത്ത് വസ്ത്ര കയറ്റുമതിയെ യുദ്ധം കാര്യമായി ബാധിച്ചു. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്കും യുഎസ്, യൂറോപ്യൻ വിപണികളിലേക്കും ഉള്ള കയറ്റുമതി തടസ്സപ്പെട്ടതോടെ ഓർഡറുകൾ റദ്ദാക്കപ്പെടാനുള്ള സാധ്യതയേറി.


വിമാന സർവീസുകളിലെ തടസ്സം മൂലം വിമാനത്താവളങ്ങളിൽ കുടുങ്ങിയ ചരക്കുകളുടെ ഡെമറേജ് ചിലവ് ഒഴിവാക്കണമെന്ന് വസ്ത്ര കയറ്റുമതി പ്രമോഷൻ കൗൺസിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home