ad
Deshabhimani

രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും പാടിയേ തീരൂ: സുവേന്ദു അധികാരി

Suvendu adhikari.jpg
വെബ് ഡെസ്ക്

Published on Jun 03, 2026, 01:30 PM | 1 min read

കൊൽക്കത്ത: പശ്ചിമബംഗാളിലെ സ്കൂളുകളിലും മദ്രസകളിലും ദേശീയഗീതവും ദേശീയഗാനവും നിർബന്ധമാക്കിയ നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേ മാതരവും ജന ഗണ മനയും ആലപിച്ചേ തീരുവെന്ന് അദ്ദേഹം പറഞ്ഞു.


പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സുവേന്ദു അധികാരി കൈക്കൊണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു സ്കൂൾ അസംബ്ലികളിൽ ദേശീയഗീതം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്നത്. സർക്കാർ ഉത്തരവിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് കൂടുതൽ കർക്കശമാക്കിയത്.


വന്ദേ മാതരം ആലപിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇത് സനാതന സംസ്കാരമാണെന്നും സുവേന്ദു അധികാരി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. ഇന്ത്യ ഹിന്ദുസ്ഥാൻ എന്നും അറിയപ്പെടുന്നുണ്ടെന്നും ഈ രാജ്യം മറ്റാരുടെയും കൈപ്പിടിയിലാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവിൽ ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് കടുത്ത ആശങ്ക രേഖപ്പെടുത്തി. മദ്രസകളിലെ നിർബന്ധിത ആലാപനത്തിൽ നിന്ന് മുസ്ലീം വിദ്യാർത്ഥികളെ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ഉത്തരവ് പിൻവലിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.


മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിലുള്ള ഗാനങ്ങളോ വാക്കുകളോ ചൊല്ലാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home