ad
Deshabhimani

വയനാട് തുരങ്കപാതയുമായി മുന്നോട്ട്; സ്റ്റേയില്ലെന്ന് സുപ്രീംകോടതി

wayanad tunnel road supreme court
വെബ് ഡെസ്ക്

Published on Apr 06, 2026, 12:30 PM | 2 min read

ന്യൂഡൽഹി: മലബാറിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാത നിർമാണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. പദ്ധതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളി. തുരങ്കപാത സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് അനിവാര്യമായ ജീവരേഖയാണെന്ന് നിരീക്ഷിച്ച കോടതി, നിർമാണ പ്രവർത്തനങ്ങളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി. ശാസ്ത്രീയ പഠനങ്ങളുടെയും വിദഗ്ധ സമിതി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.


പാരിസ്ഥിതിക അനുമതിയില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെയാണ് തുരങ്കപാത നിർമ്മിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ള വിദഗ്ധ സമിതികൾ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായമാണ് കണക്കിലെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവെച്ചു. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീങ്ങി.


എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് സുപ്രിംകോടതി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ് തുരങ്കപാത. ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. തുരങ്കപാത പലയിടത്തും നിര്‍മ്മിക്കുന്നുണ്ട്. ഈ പദ്ധതിക്ക് അനുമതി നല്‍കിയ സമിതി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ റബ്ബര്‍ സ്റ്റാമ്പല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.


പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്തുന്നതില്‍ സര്‍ക്കാരുകള്‍ക്ക് പരിമിതിയുണ്ട്. ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് തുരങ്കപാതയെന്നും വന്യജീവികളെ തുരങ്കപാത ബാധിക്കില്ലെന്നും നിരീക്ഷിച്ച സുപ്രിംകോടതി പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങള്‍ തള്ളി. 58 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. 400 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ച ഇടത്താണ് നിര്‍മ്മാണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അപകട സാധ്യതയുള്ള ഇടത്താണ് തുരങ്കപാത നിര്‍മ്മാണമെന്നും വാദം. അക്കാര്യം എന്‍ജിനീയര്‍മാര്‍ പരിഗണിക്കും. ‌തുരങ്കപാത നിര്‍മ്മാണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹര്‍ജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.


സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമാകുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ മാർച്ച് 6-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതി ഇപ്പോൾ യാഥാർഥ്യമാകുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. പാത യാഥാർഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയും കോഴിക്കോട്-വയനാട് യാത്രാസമയം പകുതിയായി കുറയുകയും ചെയ്യും.


കിഫ്ബിയിൽ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് 8.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ വിസ്മയ പാത നിർമ്മിക്കുന്നത്. ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി പാറ തുരക്കൽ നടപടികളിലേക്ക് പദ്ധതി കടന്നു. മലബാർ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുരങ്കപാത നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള നിർമാണത്തിലൂടെ നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരുകയാണ് തുരങ്കപാത.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home