യുദ്ധവെറിയന്മാരേ ഇൗ സ്വരം കേൾക്കൂ


എ കെ രമേശ്
Published on Aug 30, 2025, 12:27 AM | 2 min read
യുദ്ധത്തിനുവേണ്ടി പണിയെടുക്കാൻ ആളെ വേറെ നോക്കണം എന്ന് വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (ഡബ്ല്യുഎഫ്ടിയു ) ഈ സെപ്‌തംബർ ഒന്നിന് പ്രഖ്യാപിക്കും. ബോയിങ്ങിന്റെ യുദ്ധോപകരണ ഫാക്ടറി ഉപരോധിച്ചും ഇസ്രയേലിലേക്കുള്ള ആയുധങ്ങൾ തടഞ്ഞും ഇതിനു മുമ്പും തങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ് എന്ന് അസന്ദിഗ്ധമായി തെളിയിച്ചതാണ് തൊഴിലാളി വിപ്ലവ ട്രേഡ് യൂണിയനുകൾ.
പലസ്തീനിൽ ലക്ഷത്തിലേറെ മനുഷ്യരെ ബോംബ് വർഷിച്ചും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും കൊന്നൊടുക്കുന്ന മനുഷ്യത്വ വിരുദ്ധതയാണ് ഇസ്രയേൽ പ്രകടിപ്പിക്കുന്നത്. ആ തെമ്മാടി രാഷ്ട്രത്തെക്കൊണ്ട് ചുടുചോറ് വാരിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വവും ആയുധക്കച്ചവടക്കുത്തകകളുടെ ലാഭാർത്തിയുമാണ്. തൊഴിലാളി വർഗ സാർവദേശീയത ഉയർത്തിപ്പിടിക്കുന്ന ട്രേഡ് യൂണിയനുകളും അവയ്ക്ക് നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർടികളും എല്ലാ സങ്കുചിത ദേശീയതാവാദങ്ങളോടും എന്നും ഏറ്റുമുട്ടിയിട്ടുണ്ട്.
ഫ്രാൻസുമായുള്ള യുദ്ധത്തിനുള്ള ധനാഭ്യർഥനയെ ജർമൻ പാർലമെന്റിൽ ആഗസ്റ്റ് ബാബേലിന്റെ നേതൃത്വത്തിൽ എതിർത്തപ്പോൾ, ഫ്രഞ്ച് മുതലാളിവർഗത്തോട് പോരടിക്കുന്ന ഒരു വിപ്ലവകാരിയെ തങ്ങളുടെ ഭരണനേതൃത്വത്തിൽ പാരീസ് കമ്യൂണിലെ തൊഴിലാളിവർഗം അവരോധിച്ചു. രണ്ടു രാജ്യങ്ങളിലെയും മുതലാളിവർഗം തങ്ങളുടെ പൊതുശത്രുവായി തൊഴിലാളിവർഗത്തെ തിരിച്ചറിഞ്ഞാണ് പാരീസ് കമ്യൂണിനെ തച്ചുതകർത്തത്. തൊഴിലാളി വർഗ സാർവദേശീയതയുടെ ആ മഹിത പാരമ്പര്യമാണ് ലോകത്തെങ്ങുമുള്ള വിപ്ലവ ട്രേഡ് യൂണിയനുകൾ എന്നും ഉയർത്തിപ്പിടിക്കുന്നത്.
ആയുധനിർമാണക്കമ്പനികൾ അധികസമയം പണിയെടുത്തുകൊണ്ട് ലോകത്തെങ്ങും യുദ്ധജ്വരം കുത്തിപ്പൊക്കുകയാണ്. അമേരിക്കയിലെ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സ്
എന്ന അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ഓർമിപ്പിച്ചത് യുഎസ് പ്രസിഡന്റായിരുന്ന ഐസൻഹോവറായിരുന്നു. ഈ ഭൂമിയെ അനേകവട്ടം ചുട്ടു തകർത്താലും ബാക്കിയാകുന്ന ആയുധക്കൂമ്പാരങ്ങൾ ശേഖരിക്കുന്ന കുത്തകക്കമ്പനികൾക്ക് യുദ്ധം വമ്പിച്ചൊരു സാധ്യതയാണ്. അംഗഭംഗം വന്നവരും മുറിവേറ്റവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമായ പതിനായിരങ്ങൾക്ക് ദുരിതം വരുത്തിയേ അവർക്ക് ലാഭമൂറ്റാനാവൂ. ഇതിന് കൂട്ടുനിൽക്കാൻ തങ്ങളില്ല എന്ന് ഈ സെപ്‌തംബർ ഒന്നിന് ലോകത്തെങ്ങുമുള്ള തൊഴിലാളികൾ പ്രഖ്യാപിക്കുമ്പോൾ, യുദ്ധവെറിയനായ യുഎസ് പ്രസിഡന്റ് ട്രംപ് ഇപ്പോൾ ആവശ്യപ്പെടുന്നത് തന്റെ പ്രതിരോധ സെക്രട്ടറിയുടെ സ്ഥാനപ്പേര് വാർ സെക്രട്ടറി എന്നാക്കണമെന്നാണ്.
1789 മുതൽ രണ്ടാം ലോകയുദ്ധകാലത്തുവരെ നിലനിന്ന ആ പേരിന്റെ ചൂരിലാണ് ട്രംപിന്റെ ഊന്നൽ.
അത്തരമൊരു യുദ്ധവെറിയൻ ലോക പൊലീസ് ചമയുന്ന കാലത്ത് സമാധാന പ്രസ്ഥാനമെന്നാൽ ശാന്തിവാദ പ്രസ്ഥാനമല്ലെന്നാണ് ഡബ്ല്യുഎഫ്ടിയു തെളിയിക്കുന്നത്.
എന്തുകൊണ്ടാണ് മാനവരാശിക്ക് തീരാദുരിതം വരുത്തുന്ന യുദ്ധങ്ങൾ ആവർത്തിക്കുന്നത് എന്ന കാര്യം മുഴുവൻ തൊഴിലാളികളെയും ജനതകളെയും പഠിപ്പിക്കാനുള്ള ബാധ്യതയാണ് ഡബ്ല്യുഎഫ്ടിയു ഏറ്റെടുക്കുന്നത്. സോഷ്യലിസം അല്ലെങ്കിൽ കാടത്തം എന്ന റോസാ ലക്സംബർഗിന്റെ നിരീക്ഷണം അക്ഷരംപ്രതി ശരിവയ്‌ക്കപ്പെടുന്ന കാലത്ത് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്ന മുഴുവനാളുകളെയും യുദ്ധവിരുദ്ധ പ്രസ്ഥാനത്തിനൊപ്പം നിർത്തുന്നതിനുള്ള ആശയപോരാട്ടത്തിന് തീർച്ചയായും സെപ്‌തംബർ ഒന്ന് വഴിവയ്‌ക്കും.










0 comments