print edition വാങ്ചുക്കിന്റെ നില മോശം; കേന്ദ്രം മറുപടി പറയേണ്ടിവരും: സിജെപി

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച് ജനതാ പാർടി (സിജെപി) പ്രക്ഷോഭത്തോടൊപ്പം ജന്തർമന്തറിൽ നിരാഹാരസമരമിരിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായി. തുടർച്ചയായ മൂന്നാംദിനവും നിരാഹാരം തുടരുന്ന വാങ്‌ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി താഴ്‌ന്നു. വാങ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും കേന്ദ്രസർക്കാരിനുമായിരിക്കുമെന്ന് സിജെപി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ചയും വാങ്‌ചുക്കിന് അഭിവാദ്യം അർപ്പിച്ച് നൂറുകണക്കിന് വിദ്യാർഥികളും സാധാരണക്കാരും സാമൂഹ്യപ്രവർത്തകരും ജന്തർമന്തറിൽ ഒത്തുകൂടി.
സമാധാനപൂർവം നടത്തുന്ന പ്രതിഷേധത്തിൽ ഡൽഹി പൊലീസും ബിജെപി സർക്കാരും ആസൂത്രിത സംഘർഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതായി സിജെപി പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നവരുടെ വീടുകളിൽ കയറിയിറങ്ങി പൊലീസ് കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥി, കർഷക സംഘടനാ നേതാക്കളെയും പ്രവർത്തകരെയും വീട്ടുതടങ്കലിലാക്കി. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ചോദ്യചോർച്ചയുണ്ടായത് ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരിന്റെ കാര്യപ്രാപ്‌തിയെയാണ് കാണിക്കുന്നതെന്നും സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, അശുതോഷ് റാങ്ക എന്നിവർ പരിഹസിച്ചു. കോൺഗ്രസ് ഇതുവരെ പ്രതിഷേധത്തെ പിന്തുണച്ചിട്ടില്ല.











0 comments