എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ബ്ലേഡ് ആക്രമണം: പരാതിക്കാരെ പിടികൂടുന്നത് പൊലീസ് ക്രൂരത മറയ്‌ക്കാൻ

തിരുവനന്തപുരം: സമരം നടത്തിയ എസ്‌എഫ്‌ഐക്കാരെ പൊലീസ് ബ്ലേഡുകൊണ്ട് ആക്രമിച്ചുവെന്ന പരാതി മറയ്‌ക്കാൻ വിദ്യാർഥിവേട്ട തുടരുന്നു. പൊലീസിനെതിരെ പരാതി നൽകിയ എസ്‌എഫ്‌ഐ നേതാക്കളെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് പിടികൂടി ജയിലിലടയ്‌ക്കുകയാണ്. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എ നന്ദൻ ഉൾപ്പെടെ നാലുപേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്. ഭരണം മാറിയതോടെ, നിലതെറ്റിയ പൊലീസിന്റെ കൊടുംക്രൂരത പുറത്തറിയാതിരിക്കാനാണ് ഇൗ നീക്കം.
24ന് ഐഎച്ച്‌ആർഡി ഫീസ് വർധനയ്‌ക്കെതിരെ എസ്‌എഫ്‌ഐ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചിനിടെയാണ് വിദ്യാർഥികൾക്ക് ബ്ലേഡുകൊണ്ട് മുറിവേറ്റത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആക്രമണം പുറത്തറിഞ്ഞതോടെ, എസ്‌എഫ്‌ഐ പ്രവർത്തകരാണ് ബ്ലേഡ് കൊണ്ടുവന്നതെന്ന് പൊലീസ് കഥയുണ്ടാക്കി. ദൃശ്യങ്ങൾ കൈയിലുണ്ടെന്നും അവകാശപ്പെട്ടു. ദൃശ്യങ്ങൾ പുറത്തുവിടാൻ എസ്‌എഫ്‌ഐ വെല്ലുവിളിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി എം എ നന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ ഒരുനടപടിയും സ്വീകരിക്കാതെ നന്ദനെ അറസ്റ്റ് ചെയ്‌ത് റിമാൻഡിലാക്കി. തിങ്കളാഴ്‌ച നഗരത്തിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുന്പോൾ മഫ്‌തിയിലെത്തിയ പൊലീസുകാർ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. വെഞ്ഞാറമൂട് ഏരിയാസെക്രട്ടറി അബിൻ രത്നയെ ചൊവ്വാഴ്‌ച താമസിക്കുന്ന ഹോസ്റ്റലിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് പിടികൂടി. എസ്‌എഫ്‌ഐ പ്രവർത്തകർ സെക്രട്ടറിയറ്റിനുമുന്പിൽ എത്തിയതുമുതൽ സമരം അവസാനിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ സഹിതം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്.











0 comments