പൗരത്വം തെളിയിക്കുന്ന രേഖകൾ ഏതൊക്കെ; മറുപടിയില്ലാതെ കേന്ദ്രം
വോട്ടർപ്പട്ടികയിലെ പൗരത്വം ചികയല്‍ ; രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം

ന്യൂഡൽഹി
ബിഹാറിലെ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന, വിവിധ സംസ്ഥാനങ്ങളിലെ വോട്ടർപ്പട്ടിക ക്രമക്കേട് എന്നീ വിഷയങ്ങളുയർത്തി രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ത്യ കൂട്ടായ്‌മ. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിൽ വോട്ട് അധികാർ യാത്രയ്‌ക്ക് ഞായറാഴ്‌ച തുടക്കമിടും. കൂട്ടായ്‌മയിലെ മുതിർന്ന നേതാക്കൾ ഭാഗമാകും. ബിഹാർ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തും.
പാർലമെന്റ് സമ്മേളനത്തിനിടെ സഭയ്‌ക്ക് അകത്തും പുറത്തും യോജിപ്പോടെ നടത്തിയ പ്രതിഷേധങ്ങൾ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കൂട്ടായ്‌മ.
രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് വേഗത്തിൽ കടക്കാനുള്ള തീരുമാനത്തിന് പിന്നിലും പാർലമെന്റിൽ പ്രകടമായ ഐക്യമാണ്. ബിഹാറിന് പിന്നാലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനയ്‌ക്കുള്ള ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ. ഇവിടങ്ങളിലും പ്രതിപക്ഷ പാർടികൾ പ്രക്ഷോഭമുയർത്തും.
തീവ്ര പുനഃപരിശോധനാ നീക്കത്തിനെതിരായി തമിഴ്‌നാട്ടിൽ ഡിഎംകെ ബുധനാഴ്‌ച പ്രമേയം പാസാക്കി. ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.
ബിഹാറിൽ 65 ലക്ഷം പേരെ കരടുപട്ടികയിൽനിന്ന് ഒഴിവാക്കിയതിനെ പ്രമേയം അപലപിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ വോട്ടർപ്പട്ടികയിൽ വ്യാപകമായി ചേർക്കുന്നെന്ന ആക്ഷേപവും തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കുണ്ട്.
പൗരത്വം തെളിയിക്കുന്ന രേഖകൾ ഏതൊക്കെ; മറുപടിയില്ലാതെ കേന്ദ്രം
രാജ്യത്ത് പരത്വം തെളിയിക്കാൻ ആധികാരികമായ രേഖകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ കേന്ദ്രസർക്കാർ. സിപിഐ എംഎൽ എംപി സുധാമ പ്രസാദിന്റെ ചോദ്യത്തിനാണ് കൃത്യമായ ഉത്തരം നൽകാതെ ആഭ്യന്തരമന്ത്രാലയം ഉരുണ്ടുകളിച്ചത്. 1955ലെ പൗരത്വ നിയമവും ചട്ടങ്ങളുമാണ് പൗരത്വം നിർണയിക്കുന്നതിന് ആധാരമെന്നാണ് മറുപടി.
അതേസമയം, കഴിഞ്ഞ 25 വർഷത്തിനുള്ളിൽ രാജ്യത്ത് നൽകിയ ജനന സർട്ടിഫിക്കറ്റുകൾ എത്രയെന്നും ആദ്യ 10 സംസ്ഥാനങ്ങളിലെ ജനന, മരണ കണക്കുകൾ നൽകാമോയെന്നുമുള്ള ഉപചോദ്യത്തിന് പട്ടികയുൾപ്പെടെ മറുപടി നൽകുകയും ചെയ്‌തു. ബിഹാറിൽ നടക്കുന്ന വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയിൽ പൗരത്വം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റടക്കം 11 രേഖകളാണ് ഉൾപ്പെടുത്തിയത്.









0 comments