തേജസ്വി യാദവ്, രാഹുൽ ഗാന്ധി, എം എ ബേബി, ഡി രാജ തുടങ്ങിയവർ സംസാരിക്കും , സമാപനം ഗാന്ധി മൈതാനത്ത്
വോട്ട് അധികാർ യാത്ര ; പട്‌നയിൽ പദയാത്രയോടെ ഇന്ന് സമാപനം

ബിഹാറിൽ വോട്ട് അധികാർ യാത്രയുടെ ഭാഗമായ പൊതുസമ്മേളനത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക് ധാവ്‌ളെ സംസാരിക്കുന്നു
ന്യൂഡൽഹി
ബിഹാറിൽ ലക്ഷങ്ങളുടെ വോട്ടവകാശം നിഷേധിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമീഷനും നടത്തുന്ന വോട്ടർ പട്ടിക തീവ്രപുനഃപരിശോധനയ്‌ക്കെതിരെ പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മ സംഘടിപ്പിച്ച ‘വോട്ട് അധികാർ യാത്ര’ തിങ്കളാഴ്‌ച പട്‌നയിൽ സമാപിക്കും. രാവിലെ ഗാന്ധി മൈതാനിയിലെ ഗാന്ധി പ്രതിമയിലെ പുഷ്‌പാർച്ചനയ്‌ക്കു ശേഷം നേതാക്കളും പ്രവർത്തകരും ആറു കിലോമീറ്റർ അകലെ അംബേദ്‌കർ പാർക്കിലേക്ക് പദയാത്രയായി നീങ്ങും. തുടർന്ന് അംബേദ്‌കർ പ്രതിമയിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം പൊതുയോഗം. ബിഹാറിലെ ഇന്ത്യ കൂട്ടായ്‌മയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വികാസ്‌ശീൽ ഇൻസാൻ പാർടി നേതാവ് മുകേഷ് സാഹ്‌നി തുടങ്ങിയവർ സംസാരിക്കും.
ആഗസ്‌ത് 17ന് തുടങ്ങി 16 ദിവസം നീണ്ട യാത്ര 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ചു. സിപിഐ എം പിബി അംഗം അശോക് ധാവ്‌ളെ, കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവ് സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി ലല്ലൻ ചൗധുരി, കേന്ദ്രകമ്മിറ്റിയംഗം അവധേഷ് കുമാർ, മുതിർന്ന നേതാവ് അരുൺ മിശ്ര തുടങ്ങിയവർ യാത്രയുടെ ഭാഗമായി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എസ്‌പി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക് വർധിച്ച ആത്മവിശ്വാസമേകിയാണ് യാത്ര സമാപിക്കുന്നത്.









0 comments