ad
Deshabhimani

മെസിയെ കണ്ടത് 'സ്വന്തക്കാർ' മാത്രം, ​സെൽഫിക്ക് തിരക്കുകൂട്ടി പൊലീസും

Salt Lake Stadium

സംഘർഷത്തെ തുടർന്ന് സ്റ്റേഡിയത്തിലേക്ക് കാണികൾ എറിഞ്ഞ കസേരകൾ | Photo: AFP

വെബ് ഡെസ്ക്

Published on Dec 14, 2025, 08:16 AM | 2 min read

കൊൽ‌ക്കത്ത: ഫുട്ബോളിന്റെ തറവാട്ടുമുറ്റമായി അറിയപ്പെടുന്ന സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ അരങ്ങേറിയത് കൊൽക്കത്തയ്ക്ക് ഒരിക്കലും മറക്കാനാകാത്ത അക്രമസംഭവങ്ങൾ. അർജന്റീനാ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടി സംഘടാന പിഴവിനാൽ രാജ്യത്തിന് തന്നെ നാണക്കേടായി. വൻതുക നൽകി ടിക്കറ്റ് നേടിയിട്ടും മെയിയെയും സഹതാരങ്ങളെയും ഒരുനോക്കുപോലും കാണാൻ കഴിയാതിരുന്നതാണ്‌ സ്‌റ്റേഡിയത്തിൽ നിറഞ്ഞ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്‌. കസേരകളും ബോർഡുകളും ബാനറുകളുമടക്കം കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. മൈതാനത്തേക്കിറങ്ങിയ ആരാധകരെ പൊലീസ്‌ അടിച്ചോടിക്കുകയായിരുന്നു.


25000 രൂപ വരെ ടിക്കറ്റിന്; കരിഞ്ചന്തയും


‘Goat Tour’ എന്നുപേരിട്ട മൂന്ന്‌ ദിവസത്തെ ഇന്ത്യൻ പര്യടനം ‘എ ശതാദ്രു ദത്ത ഇനീഷ്യേറ്റീവാ’ണ്‌ സ്‌പോൺസർ ചെയ്‌തിരുന്നത്‌. കൊൽക്കത്ത സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിലെ പരിപാടിക്ക്‌ 5000 രൂപ മുതൽ 25,000 രൂപവരെ ടിക്കറ്റുണ്ടായിരുന്നു. രാവിലെ മുതൽ ടിക്കറ്റെടുത്ത്‌ സ്‌റ്റേഡിയത്തിൽ കയറിയവർക്ക്‌ മെസിയെ കാണാൻ സാധിക്കാതിരുന്നതാണ്‌ പ്രശ്‌നം വഷളാക്കിയത്‌. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്ന് അരലക്ഷത്തോളം ആളുകൾ കൊൽക്കത്തയിൽ എത്തിയിരുന്നു.


വിഐപികൾ ആദ്യം, ടിക്കറ്റ് വാങ്ങിയവർ പിന്നീട്


ഇന്നലെ രാവിലെ 11.15ഓടെ മെസിയും ഇന്റർ മയാമി ക്ലബിലെ സഹതാരങ്ങളായ ലൂയിസ്‌ സുവാരസും റോഡ്രിഗോ ഡി പോളും സ്‌റ്റേഡിയത്തിലെത്തി. ബംഗാൾ കായികമന്ത്രി അരൂപ്‌ ബിശ്വാസും സ്‌പോൺസർ ശതാന്ദ്രു ദത്തയും ഒപ്പമുണ്ടായിരുന്നു. മെസി വന്നതോടെ സംഘാടകർതന്നെ ചുറ്റുംകൂടി നിന്നതോടെ ടിക്കറ്റെടുത്തവർക്ക്‌ ഒന്നും കാണാൻ സാധിച്ചില്ല. മൈതാനത്തേക്ക്‌ ഇറങ്ങിയ ഉടൻ കൈവീശി കാണിച്ച്‌ മെസിയും സംഘവും മടങ്ങി. സംഘാടകരുടെ സ്വന്തക്കാർക്ക്‌ മാത്രമാണ്‌ മെസിയെ കാണാനായത്‌. സുരക്ഷ നൽകേണ്ട പൊലീസാകട്ടെ സെൽഫിയെടുക്കാൻ -തിരക്ക്‌കൂട്ടി. ഇരിപ്പിടത്തിൽ ഇരുന്നും നിന്നും മെസിയെ കാണാൻ പറ്റാതായതോടെ സ്‌റ്റേഡിയത്തിൽ ബഹളമായി.


ഒന്നുംപറയാതെ മെസിയും സംഘവും മടങ്ങിയതോടെ ജനക്കൂട്ടം ഇളകി. കസേരകൾ തകർത്ത്‌ കൂട്ടമായി മൈതാനത്തേക്ക്‌ എറിഞ്ഞു. ബോർഡുകളും ബാനറുകളും വലിച്ചുകീറി. വെള്ളക്കുപ്പികളും മറ്റും എടുത്തെറിഞ്ഞു. ബാരിക്കേഡുകൾ തകർത്ത്‌ മൈതാനത്തേക്ക്‌ ഓടിക്കയറിയവരെ നിയന്ത്രിക്കാനായില്ല. താൽക്കാലികമായി നിർമിച്ച കൂടാരങ്ങളെല്ലാം തല്ലിത്തർത്തു. ഏറ്റവും മികച്ച ഫുടബോൾ മൈതാനം നശിപ്പിച്ചു. പൊലീസ്‌ ലാത്തിവീശിയാണ്‌ ജനക്കൂട്ടത്തെ ഒഴിപ്പിച്ചത്‌.





രണ്ട്‌ മണിക്കൂർ ആസൂത്രണം ചെയ്‌ത പരിപാടി 20 മിനിറ്റിൽ അവസാനിച്ചു. പങ്കെടുക്കുമെന്ന്‌ അറിയിച്ചിരുന്ന നടൻ ഷാരൂഖ്‌ഖാൻ, മുഖ്യമന്ത്രി മമതാ ബാനർജി, ക്രിക്കറ്റ്‌ താരം സ‍ൗരവ്‌ ഗാംഗുലി എന്നിവർ എത്തിയില്ല. 2011ൽ വെനസ്വേലക്കെതിരെ സ‍ൗഹൃദമത്സരം കളിച്ച അർജന്റീന ക്യാപ്‌റ്റന്‌ രണ്ടാംവരവ്‌ കയ്‌പേറിയ അനുഭവമായി.


ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ്‌ മെസിയും സഹകളിക്കാരും കൊൽക്കത്തയിലെത്തിയത്‌. സുരക്ഷാകാരണങ്ങളാൽ മെസിയുടെ പ്രതിമ അനാഛാദനം ഓൾലൈനാക്കിയിരുന്നു. ഹോട്ടൽ മുറിയിൽ നടന്ന ചടങ്ങിൽ ഷാരൂഖ്‌ഖാനും പങ്കെടുത്തു. അവിടെയും മെസിക്കൊപ്പം ഫോട്ടോയെടുക്കാൻ സംഘാടകരുടെ സ്വന്തമാക്കാർ നിറഞ്ഞിരുന്നു.


messi


14 വർഷത്തെ ഇടവേളക്കുശേഷമുള്ള മെസിയുടെ രണ്ടാംവരവ്‌ രാജ്യാന്തരതലത്തിൽ ഇന്ത്യക്ക്‌ നാണക്കേടായി. മെസി പങ്കെടുത്ത വേദിയിലുണ്ടായ അക്രമങ്ങൾ രാജ്യാന്തര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയ്‌തു. അനിഷ്‌ടസംഭവങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി മെസിയോടും ഫുട്‌ബോൾ ആരാധകരോടും മാപ്പ്‌ പറഞ്ഞു.


വൈകീട്ടോടെ ഹൈദരാബാദിലെത്തിയ മെസി അവിടെ രാജീവ്‌ ഗാന്ധി സ്‌റ്റേഡിയത്തിൽ പ്രദർശന മത്സരം കളിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിക്കും തെലുങ്ക്‌ സിനിമാ താരങ്ങൾക്കുമൊപ്പം അത്താഴ വിരുന്നിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home