സുബീൻ ഗാർഗിന്റെ മരണം: അറസ്റ്റിലായവർക്ക് നേരെ ആക്രമണം; അസം ജയിലിന് പുറത്ത് സംഘർഷം

ബക്സ ജയിലിന് മുന്നിൽ സംഘര്‍ഷത്തിനിടെ പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു
ഗുവാഹത്തി : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ അറസ്റ്റിലായ അഞ്ച് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കോടതി ഉത്തരവിനെത്തുടർന്ന് അസമിൽ സംഘർഷം. ബക്സ ജില്ലാ ജയിലിന് പുറത്ത് സുബീൻ ഗാർഗിന്റെ ആരാധകർ തടിച്ചുകൂടി. അറസ്റ്റിലായവരെയുമായി എത്തിയ വാഹനം ജില്ലാ ജയിലിന് മുമ്പിൽ തടഞ്ഞു. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ (NEIF) ചീഫ് ഓർഗനൈസർ ശ്യാംകനു മഹാന്ത, സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, സുബീന്റെ ബന്ധുവും പൊലീസ് ഓഫീസറുമായ സന്ദീപൻ ഗാർഗ്, പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരായ (പിഎസ്ഒ) നന്ദേശ്വർ ബോറ, പ്രബിൻ ബൈഷ്യ എന്നിവരെയാണ് കാംരൂപ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കസ്റ്റഡിയിൽ വിട്ടത്. തടവുകാർ കുറവുള്ള ജയിലിലേക്ക് ഇവരെ അയയ്ക്കണമെന്ന കോടതി ഉത്തരവ് പ്രകാരം മുസൽപൂരിലെ ബക്സ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Related News
എന്നാൽ പ്രപതികളെ ജയിലിലേക്കെത്തിച്ചതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. പ്രതികളെയും വഹിച്ചുകൊണ്ടുള്ള പോലീസ് വാഹനങ്ങൾ ജയിൽ വളപ്പിലെത്തിയപ്പോൾ സുബീൻ ഗാർഗിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് ജനക്കൂട്ടം തടിച്ചുകൂടിയത്. വാഹനവ്യൂഹത്തിന് നേരെ ആൾക്കൂട്ടംകല്ലെറിഞ്ഞു. ആക്രമണത്തിൽ പൊലീസ് വാൻ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
സ്ഥിതിഗതികൾ ശാന്തമാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനും പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാൽ ജനക്കൂട്ടം അക്രമാസക്തമായി. ബഹളത്തിനിടെ ഒരു പൊലീസ് വാഹനം കത്തിച്ചു. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ ജയിലിനും സമീപ പ്രദേശങ്ങൾക്കും ചുറ്റും അധികൃതർ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സെപ്തംബർ 19നാണ് ദുരൂഹ സാഹചര്യത്തിൽ ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരണമടയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർഗ് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം പുറത്തുവന്നിരുന്നത്.
എന്നാൽ ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്നും സിംഗപ്പുർ മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തെ നോർത്ത് ഇൗസ്റ്റ് മേളയ്‌ക്കായാണ് അസം സ്വദേശിയായ ഗായകൻ സിംഗപ്പൂരിലെത്തിയത്. ഗായകൻ സുബീൻ ഗാർഗിന്റെ മരണം സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേസിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.










0 comments