തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകൾ ചുമത്തി കേസെടുത്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. അഞ്ച് വകുപ്പുകൾ ചുമത്തിയാണ് പെരവല്ലൂർ പൊലീസ് കേസെടുത്തത്.
പെരമ്പൂരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ നിയമങ്ങൾ കാറ്റിൽ പറത്തിയെന്ന് ചൂണ്ടിക്കാട്ടി ഫ്ലയിംഗ് സ്ക്വാഡ് ഓഫീസർ നൽകിയ പരാതിയിലാണ് നടപടി. അനുവദിച്ചതിലും അധികം ആളുകളെ സംഘടിപ്പിച്ചു (അയ്യായിരത്തോളം പേർ), 30-ഓളം ലൗഡ് സ്പീക്കറുകൾ നിയമവിരുദ്ധമായി ഉപയോഗിച്ചു, പൊതുഗതാഗതം തടസ്സപ്പെടുത്തി, ആംബുലൻസിന് വഴിമുുടക്കി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ ഉയർന്നിട്ടുള്ളത്.
വൈകുന്നേരം 5 മണി മുതൽ 6 മണി വരെ 500 പേരെ പങ്കെടുപ്പിച്ച് പ്രചാരണം നടത്താനാണ് അനുമതി നൽകിയിരുന്നതെങ്കിലും ഉച്ചയ്ക്ക് 3.40-ഓടെ തന്നെ വലിയ ജനക്കൂട്ടത്തെ അണിനിരത്തി വിജയ് റോഡ് ഷോ ആരംഭിച്ചുവെന്ന് പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ രൂക്ഷവിമർശനവുമായി ടിവികെ രംഗത്തെത്തി.
വിജയിന്റെ പ്രചാരണത്തിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും ഡിഎംകെ സർക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും ടിവികെ ആവശ്യപ്പെട്ടു. പെരമ്പൂർ, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് ഇത്തവണ മത്സരിക്കുന്നത്.
കരൂരിൽ നടന്ന ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ച സംഭവത്തിന് ശേഷം വിജയ്‌യുടെ റാലികളിലും ടിവികെയുടെ പരിപാടികളിലും പൊലീസ് തന്നെ വലിയ ജാഗ്രത പാലിക്കുന്നുണ്ട്.










0 comments