തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ തേടി വിജയ്; സ്ഥിരീകരണവുമായി കെ സി വേണുഗോപാൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസിന്റെ പിന്തുണ തേടി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ടിവികെ നേതാവ് വിജയ് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായും പിന്തുണ അഭ്യർത്ഥിച്ചതായും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമായത്. കന്നി പോരാട്ടത്തിൽ തന്നെ മികച്ച നേട്ടമുണ്ടാക്കാൻ വിജയ്‌യുടെ ടിവികെയ്ക്ക് സാധിച്ചിരുന്നു.
ഈ സാഹചര്യത്തിൽ മതേതര വോട്ടുകളുടെ ഏകീകരണം ലക്ഷ്യം വെച്ചാണ് വിജയ് കോൺഗ്രസുമായി സഹകരിക്കാൻ ഒരുങ്ങുന്നത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസിനെ സ്വന്തം പാളയത്തിലെത്തിച്ച് ഭരണം പിടിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.
വിജയ്‌യുടെ അഭ്യർത്ഥന ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുകയാണെന്നും പ്രാദേശിക നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പതിറ്റാണ്ടുകളായി തമിഴ് രാഷ്ട്രീയം അടക്കിവാഴുന്ന ദ്രാവിഡ കക്ഷികൾക്ക് വലിയ വെല്ലുവിളിയാണ് വിജയ്‌യുടെ ഈ നീക്കം ഉയർത്തുന്നത്. വിജയ് നേരിട്ട് ഫോണിൽ വിളിച്ചാണ് പിന്തുണ തേടിയതെന്ന് വേണുഗോപാൽ വ്യക്തമാക്കി.










0 comments