ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; ടിവികെ എംഎൽഎ അറസ്റ്റിൽ

ചെന്നൈ: വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം എംഎൽഎ സി അരുൾ വിഗ്നേഷിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 117 ദിവസങ്ങൾക്കുശേഷം നവംബർ 23നാണ് ഉദ്യോഗസ്ഥ ഔദ്യോഗികമായി പരാതി നൽകിയത്.
പരാതി നൽകി നാല് ദിവസത്തിനുള്ളിലാണ് 36കാരനായ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു അറസ്റ്റിന് മുൻപ് അരുൾ വിഗ്നേഷ് പ്രതികരിച്ചത്. കോടതി നിർദേശപ്രകാരമുള്ള അന്വേഷണത്തിന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എൻ കാമിനിയാണ് മേൽനോട്ടം വഹിക്കുന്നത്.
നേരത്തെ നവംബർ 25ന് കള്ളക്കുറിച്ചി വനിതാ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഭുവനേശ്വരി എംഎൽഎയുടെ വീട്ടിലെത്തി നേരിട്ട് സമൻസ് കൈമാറിയിരുന്നു. നവംബർ 23ന് പരാതി സ്വീകരിച്ച കള്ളക്കുറിച്ചി എസ്പി ഐ ഷഹനാസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് തുടർനടപടികൾക്കായി കേസ് കൈമാറിയത്.
അഞ്ച് വകുപ്പുകൾ പ്രകാരമാണ് അരുൾ വിഗ്നേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസേവകന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.









0 comments