സിബിഐ അന്വേഷണത്തെ തടസപ്പെടുത്താനില്ല: വിജയ് കരൂർ യാത്ര റദ്ദാക്കി

ചെന്നെെ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കരൂർ യാത്ര റദ്ദാക്കി. സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ടിവികെ നേതാക്കൾ പറഞ്ഞു.
വിജയ് ഇന്ന് കരൂരിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ടിവികെ പറഞ്ഞു.
വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബർ 27നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണം സംഭവിച്ചതോടെ റാലി ഉൾപ്പെടെ ടിവികെയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.
നിലവിൽ താരം പട്ടിണപ്പാക്കത്തുള്ള വസതിയിലാണ്. അതിനിടെ ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങി. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ ഓഫീസാണ് പ്രവർത്തനം പുനരാരംഭിച്ചത്. കരൂർ ദുരന്തത്തിന് ശേഷം 17 ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു പാർട്ടിയുടെ ആസ്ഥാനം.
ബസ്സി ആനന്ദ്, ആദവ് അർജുൻ, സിടിആർ നിർമ്മൽ കുമാർ, അരുൺ എന്നിവരുൾപ്പെടെ ടിവികെയിലെ പ്രധാനപ്പെട്ട നേതാക്കളുമായി വിജയ് ചർച്ച നടത്തി. കരൂർ ദുരന്തത്തിന് ശേഷമുളള വിപുലമായ ചർച്ച നടക്കുന്നത് ആദ്യമായാണ്. സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ നേതാക്കൾ തീരുമാനിച്ചു.









0 comments