ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കയറി 65കാരൻ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കയറി 65കാരൻ സിംഗയ്യ മരിച്ചു. ആന്ധപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. കഴിഞ്ഞ വർഷം മരിച്ച വൈഎസ്ആർസിപി നേതാവിന്റെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് അപകടം. സംഭവത്തിൽ ഭാരതീയ ന്യായസംഹിതയിലെ 106 (1) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കണ്ടന്നുപോകുമ്പോൾ പുഷ്പവൃഷ്ടി നടത്താൻ ജനാവലിയെത്തിയിരുന്നു. ഇതിനിടെ സിംഗയ്യ വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെ ചക്രത്തിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സിംഗയ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറിയാണ് സിംഗയ്യ മരിച്ചതെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. എന്നാൽ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജഗൻ സഞ്ചരിച്ച കാറു തന്നെയാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ കോൺഗ്രസും ടിഡിപിയും ജഗനെതിരെ രംഗത്തെത്തി.










0 comments