print edition ഭാഗ്യരാജിന് തമിഴകത്തിന്റെ യാത്രാമൊഴി

ഭാഗ്യരാജിന്റെ മൃതദേഹം വീട്ടിൽനിന്ന് ബസന്ത് നഗർ ശ്‌മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നു
ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ നടനും സംവിധായകനുമായ കെ ഭാഗ്യരാജിന് വിടയേകി നാട്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു.
നുങ്കമ്പക്കത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, എം കെ സ്റ്റാലിൻ, കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, രജനീകാന്ത്, ശരത്കുമാർ, രാധിക, പാർഥിപൻ തുടങ്ങി ചലച്ചിത്ര–രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
വീട്ടിൽനിന്ന് ബസന്ത് നഗർ ശ്‌മശാനത്തിലേക്കുള്ള വിലാപയാത്രയിലും വഴിനീളെ ആരാധകർ തടിച്ചുകൂടി. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിച്ച ഭാഗ്യരാജ്, തമിഴ്നാടിന്റെ ‘തിരക്കഥൈ മന്നൻ’ എന്നാണറിയപ്പെട്ടത്.










0 comments