ad
Deshabhimani

പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്ക്‌ ടുള്ളി അന്തരിച്ചു

Mark Tully.JPG
avatar
സ്വന്തം ലേഖകൻ

Published on Jan 25, 2026, 08:14 PM | 1 min read

ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക്‌ ടുള്ളി (90) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1935ൽ കൊൽക്കത്തയിൽ ജനിച്ച മാർക്ക്‌ ടുള്ളി ബിബിസിയുടെ ഡൽഹി ബ്യൂറോചീഫായി 22 വർഷം പ്രവർത്തിച്ചു.


ഇന്ത്യയിലെ രാഷ്ട്രീയസംഭവവികാസങ്ങളെ കുറിച്ചുള്ള മാർക്കിന്റെ സമഗ്രറിപ്പോർട്ടുകൾ ആഗോളതലത്തിൽ ശ്രദ്ധനേടിയിരുന്നു. ‘ബിബിസിയുടെ ഇന്ത്യയിലെ ശബ്‌ദം’– എന്നായിരുന്നു അദ്ദേഹം വിശേഷിക്കപ്പെട്ടിരുന്നത്‌. ‘നോ ഫുൾസ്‌റ്റോപ്പ്‌സ്‌ ഇൻ ഇന്ത്യ’, ‘ഇന്ത്യ ഇൻ സ്ലോമോഷൻ’, ‘ദി ഹാർട്ട്‌ ഓഫ്‌ ഇന്ത്യ’ തുടങ്ങിയ നിരവധി പുസ്‌തകങ്ങൾ രചിച്ചു. 2002ൽ നൈറ്റ്‌ പദവിക്ക്‌ അർഹനായി. 1992ൽ പത്മശ്രീയും 2005ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. ബിബിസി റേഡിയോ– 4ലെ ‘സംതിങ് അണ്ടർസ്‌റ്റുഡ്‌’ എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു.


യുദ്ധങ്ങൾ, മഹാമാരികൾ, കലാപങ്ങൾ, സംഘർഷങ്ങൾ, കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങൾ, ഓപറേഷൻ ബ്ലൂസ്‌റ്റാർ പോലെയുള്ള സൈനിക നടപടികൾ, ഭോപാൽ വാതകദുരന്തം തുടങ്ങി നിരവധി സംഭവങ്ങൾ അദ്ദേഹം ഇന്ത്യയിൽ നിന്നും റിപ്പോർട്ട്‌ ചെയ്‌തു. 1992ൽ ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ട അവസരത്തിൽ തീവ്രഹിന്ദുത്വവാദികളുടെ സംഘം അദ്ദേഹത്തെ വളഞ്ഞ്‌ ആക്രമിക്കാൻ ശ്രമിച്ചു. വിദേശത്ത്‌ നിന്നുള്ള അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ ആയതിനാൽ മാത്രമാണ്‌ മാർക്ക്‌ടുള്ളി അന്ന്‌ രക്ഷപ്പെട്ടത്‌. ശാരീരികമായി ആക്രമിച്ചില്ലെങ്കിലും കർസേവകർ അദ്ദേഹത്തെ മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിട്ടു. വർഷങ്ങൾക്ക്‌ ശേഷവും ആ ദിവസങ്ങളെ കുറിച്ച്‌ ആലോചിക്കുന്പോൾ തനിക്ക്‌ വലിയ ഭീതിയും വിറയലുമാണെന്ന്‌ മാർക്ക്‌ടുള്ളി പിന്നീട്‌ അനുസ്‌മരിച്ചിട്ടുണ്ട്‌.


1965ലാണ്‌ ബിബിസിക്ക്‌ വേണ്ടി മാർക്ക്‌ടുള്ള ഇന്ത്യയിലെത്തിയത്‌. അടിയന്തിരാവസ്ഥകാലത്ത്‌ മാർക്ക്‌ടുള്ളിയോട്‌ രാജ്യംവിടാൻ ഇന്ദിരാഗാന്ധി സർക്കാർ ആവശ്യപ്പെട്ടു. ഒന്നരവർഷത്തിന്‌ ശേഷം അദ്ദേഹത്തിന്‌ രാജ്യത്തേക്ക്‌ മടങ്ങാൻ അനുമതി ലഭിച്ചു. ഇന്ത്യൻറെയിൽവേയെ വിശദമായി അടയാളപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററികളുടെയും ഭാഗമായി പ്രവർത്തിച്ചു. ഹിന്ദി നന്നായി കൈകാര്യം ചെയ്‌തിരുന്ന മാർക്ക്‌ടുള്ളിക്ക്‌ മറ്റ്‌ ചില ഇന്ത്യൻഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. 1994ൽ ബിബിസിയിൽ നിന്നും രാജിവെച്ചതിന്‌ ശേഷം ജീവിതപങ്കാളിയും മാധ്യമപ്രവർത്തകയുമായ ഗിലിയൻറൈറ്റിനൊപ്പം അദ്ദേഹം ഇന്ത്യയിൽ തുടർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home