കൗതുകം കൊണ്ട് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചത് ആശങ്ക പരത്തി. മുംബൈയിലേക്ക് പോകേണ്ട അകസ എയർ വിമാനത്തിലാണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരം 6.45-ന് മുംബൈയിലേക്ക് പുറപ്പെടേണ്ട ക്യൂ പി 1497 വിമാനത്തിലായിരുന്നു സംഭവം. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് ജൗൻപൂർ ജില്ലയിലെ ഗൗര ബാദ്ഷാപൂർ സ്വദേശിയായ സുജിത് സിംഗ് എന്ന യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.
കാബിൻ ക്രൂവിന്റെ മുന്നറിയിപ്പിനെ തുടർന്ന് പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും വിമാനം തിരികെ പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുവരികയും ചെയ്തു.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി സുജിത് സിംഗിനെ കസ്റ്റഡിയിലെടുത്തു. കൗതുകം കൊണ്ടാണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. യാത്രക്കാരനെ ഇറക്കി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനം ഏകദേശം 7.45-ഓടെ മുംബൈയിലേക്ക് പുറപ്പെട്ടു.










0 comments