നവരാത്രിക്ക് ഇറച്ചിയും മീനും വിൽക്കരുത്; കടകൾ അടച്ചിടണമെന്ന വിവാദ തീരുമാനവുമായി വാരണാസി കോർപ്പറേഷൻ

ലഖ്നൗ: നവരാത്രി സമയത്ത് എല്ലാ മത്സ്യ, മാംസ കടകളും അടച്ചിടണമെന്ന് വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ. കോർപറേഷന്റെ പരിധിയിലുള്ള എല്ലാ മത്സ്യ, മാംസ കടകൾക്കും ഇത് ബാധകമായിരിക്കും.
കാശിയുടെ മതപരമായ പ്രാധാന്യവും ഭക്തരുടെ വികാരങ്ങളും കണക്കിലെടുത്ത് നവരാത്രി സമയത്ത് എല്ലാ മത്സ്യ, മാംസ കടകളും അടച്ചിടാൻ തീരുമാനിച്ചു. ഈ ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി നേരിടേണ്ടിവരും - തീരുമാനം പ്രഖ്യാപിച്ച മേയർ അശോക് തിവാരി പറഞ്ഞു.
62 അംഗ ബിജെപി സർക്കാർ ഭരിക്കുന്ന കോർപറേഷനിലാണ് വിവാദ തീരുമാനം. ഒൻപത് ദിവസം നീണ്ട നവരാത്രി ആഘോഷങ്ങൾ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 7 നാണ് അവസാനിക്കുന്നത്. ഇത് ആദ്യമായാണ് നവരാത്രി സമയത്ത് മത്സ്യ, മാംസ കടകൾ അടച്ചിടുന്നത്.
അതേസമയം, ഈദുൽ ഫിത്തറിനും റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാർഥനകൾക്കും മുന്നോടിയായി അനധികൃതമായി റോഡരികിൽ നമസ്കാരം ചെയ്യരുതെന്ന് മീററ്റ് പൊലീസ് അറിയിപ്പ് നൽകി. നിയമലംഘകർക്ക് പാസ്‌പോർട്ട് റദ്ദാക്കൽ, ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ഈദ് നമസ്കാരങ്ങൾ പ്രാദേശിക പള്ളികളിലോ നിയുക്ത ഈദ്ഗാഹുകളിലോ നടത്തണമെന്നാണ് പൊലീസിന്റെ നിർദേശം.
നേരത്തെ ഹോളി ആഘോഷത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ മസ്ജിദുകൾ കെട്ടിമറച്ച നടപടിയുമുണ്ടായിട്ടുണ്ട്. 189 മസ്ജിദുകളാണ് ടാർപോളിൻ ഉപയോഗിച്ച് കെട്ടിമറച്ചത്. ഹോളി ആഘോഷിക്കുമ്പോൾ നിറങ്ങൾ ശരീരത്ത് വീഴാതിരിക്കണം എന്നുണ്ടെങ്കിൽ വീടിനുള്ളിൽ ഇരിക്കണം എന്ന് മുസ്ലിം മതസ്ഥരോട് സംഭലിലെ സീനിയർ പൊലീസ് ഓഫീസർ അനുജ് കുമാർ ചൗധരി പറഞ്ഞതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.









0 comments