ad
Deshabhimani

കേന്ദ്ര സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ഒഴിവുകൾ ഉടൻ നികത്തണം; പ്രത്യേകപരാമർശമുന്നയിച്ച് വി ശിവദാസൻ എംപി

sivadasan

വി ശിവദാസൻ എംപി, ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 10, 2026, 08:21 PM | 1 min read

ന്യൂഡല്‍ഹി : രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലും ദേശീയ ഗവേഷണ സ്ഥാപനങ്ങളിലുമുള്ള അധ്യാപക-ഗവേഷണ ഒഴിവുകൾ സമയബന്ധിതമായി നികത്തുന്നതിനായി കേന്ദ്ര സർക്കാർ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്ന് രാജ്യസഭയിൽ പ്രത്യേക പരാമർശത്തിലൂടെ ഡോ. വി. ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഫാക്കൽട്ടി നിയമനങ്ങളിൽ സംവരണ വ്യവസ്ഥകൾ കൃത്യമായി പാലിക്കുകയും നിയമന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യണം.


രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിൽ കേന്ദ്ര സർവകലാശാലകളും ദേശീയ ഗവേഷണ സ്ഥാപനങ്ങളും നിർണായക പങ്ക് വഹിക്കുന്നവയാണ്. എന്നാൽ ഈ സ്ഥാപനങ്ങളിൽ ദീർഘകാലമായി വലിയ തോതിൽ അധ്യാപക-ഗവേഷക സ്ഥാനങ്ങൾ ഒഴിവായി കിടക്കുന്നത് ആശങ്കാജനകമാണ്.


രാജ്യസഭയിൽ കഴിഞ്ഞ വർഷങ്ങളിൽ നൽകിയ വിവരങ്ങൾ പ്രകാരം കേന്ദ്ര സർവകലാശാലകളിലെ അംഗീകൃത അധ്യാപക തസ്തികകളിൽ നാലിലൊന്നുംഒഴിഞ്ഞു കിടക്കുകയാണ്. വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളിലുമുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, സാങ്കേതിക ജീവനക്കാർ എന്നിവരുടെ കുറവും ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇത്തരത്തിലുള്ള ഒഴിവുകൾ അധ്യാപനത്തിന്റെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുകയും നിലവിലുള്ള അധ്യാപകരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം അധ്യാപകരുടെ അഭാവം കാരണം പല വകുപ്പുകളും താൽക്കാലിക കരാർ നിയമനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.


ഉന്നത വിദ്യാഭ്യാസം രാജ്യത്തിന്റെ സമഗ്ര വികസനത്തിനും അറിവ് അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും നിർണായകമാണെന്ന് വ്യക്തമാക്കിയ ഡോ. ശിവദാസൻ, കേന്ദ്ര സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമുള്ള എല്ലാ അംഗീകൃത ഒഴിവുകളും സമയബന്ധിതമായി നികത്തുന്നതിനായി സുതാര്യവും കാര്യക്ഷമവുമായ നിയമന നടപടികൾ നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.


ഫാക്കൽട്ടി നിയമനങ്ങളിൽ സംവരണ വ്യവസ്ഥകൾ കൃത്യമായി പാലിക്കുകയും നിയമന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യേണ്ടത് അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും അറിവിന്റെ വികാസം ത്വരിതപ്പെടുത്താനും രാജ്യത്തെ വിദ്യാർത്ഥികളും ഗവേഷകരും പ്രതീക്ഷിക്കുന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സംവിധാനം ഉറപ്പാക്കാനും അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home