ad
Deshabhimani

നാഥുറാം മഹാത്മാ ഗാന്ധിയെ കൊന്നു, അനുയായികൾ ജനകീയ പദ്ധതികളെ കൊന്നൊടുക്കുന്നു; രാജ്യസഭയില്‍ വി ശിവദാസൻ

V Sivadsan

വി ശിവദാസന്‍ രാജ്യസഭയില്‍ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 12, 2026, 02:49 PM | 2 min read

തിരുവനന്തപുരം: നാഥുറാം മഹാത്മാ ഗാന്ധിയെ കൊന്നു, ഇന്ന് നാഥുറാമിന്‍റെ അനുയായികള്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള ജനകീയ പദ്ധതികളെ കൊന്നൊടുക്കുകയാണെന്ന് ഡോ. വി ശിവദാസന്‍ എംപി. രാജ്യസഭയില്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ശിവദാസന്‍ എംപിയുടെ പരാമര്‍ശം.


ഗ്രാമീണ ഇന്ത്യ ഗുരുതരമായ പ്രതിസന്ധിയിലാണ്. മോദി സർക്കാർ സോളാർ, കാറ്റാടി ഊർജ്ജ പദ്ധതികളിലെ സബ്സിഡി കുറച്ച് ജനങ്ങളോട് എൽപിജി ഉപയോഗിക്കാൻ പറഞ്ഞു. ഗ്രാമീണ ജനങ്ങളെ എൽപിജി ഉപയോഗിക്കാൻ നിർബന്ധിതരാക്കുന്ന രീതിയിൽ 'ഉജ്വല പദ്ധതി' കൊണ്ടുവന്നു. എന്നാൽ എൽപിജിയുടെ സബ്സിഡിയും സര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം പറയുന്നു.


ഇറാനെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഒട്ടനവധി ചോദ്യങ്ങളാണ് ഉയരുന്നത്. എൽപിജിയുടെ വില കുത്തനെ ഉയരുകയാണ്. യഥാർത്ഥ സാഹചര്യം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. മോദി ട്രംപിനോട് വളരെ അടുത്ത വ്യക്തിയാണ്. എന്നാൽ അതുകൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനമെന്ന് ശിവദാസന്‍ ചോദിച്ചു.


ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ഹോട്ടലുകൾ അടഞ്ഞുപോയിരിക്കുന്നു. കോടിക്കണക്കിന് സ്ത്രീകൾ കരയുകയാണ്. ഇതാണ് ഇന്ന് ഗ്രാമീണ ഇന്ത്യയുടെ യഥാർഥ സ്ഥിതി. ഇതിന്റെ കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ്. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം വർധിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇല്ല. തലസ്ഥാന നഗരത്തിൽ പോലും ആളുകൾക്ക് ലഭിക്കുന്നത് മലിനമായ വെള്ളവും വായുവുമാണ്. ഇതെല്ലാം കേന്ദ്ര നയങ്ങളുടെ ഫലമാണ്.


ശുചീകരണ തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും അവസ്ഥ എല്ലാവർക്കും അറിയാം. ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സംസ്ഥാനമായ മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു മാൻഹോൾ അപകടത്തിൽ രണ്ട് ശുചീകരണ തൊഴിലാളികൾ മരിച്ചു. അതേ നഗരത്തിൽ മലിനജലത്തെ തുടർന്ന് 15 പേർ മരണപ്പെട്ടു. ഇതാണ് ഇന്ത്യയിലെ സ്ഥിതി.


ഗ്രാമീണ ഇന്ത്യയിൽ കർഷകർക്ക് സ്വന്തം തൊഴിൽ പോലും നടത്താൻ കഴിയാത്ത അവസ്ഥ. കാർഷിക മേഖല ഗുരുതര പ്രതിസന്ധി നേരിടുന്നു. സർക്കാർ വെറും കാഴ്ചക്കാരായി മാറി. കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. കോർപ്പറേറ്റ് കമ്പനികളെ കുറിച്ചാണ് അവരുടെ മുഴുവൻ ശ്രദ്ധ. അവർ കോർപ്പറേറ്റുകളുടെ ലാഭം സംരക്ഷിക്കുകയാണ്, ജനങ്ങളുടെ താൽപര്യങ്ങളല്ല. ചീറ്റകളെ സംരക്ഷിക്കാൻ കോടികൾ ചെലവഴിക്കുമ്പോൾ ദരിദ്രഗ്രാമീണര്‍ അവഗണിക്കപ്പെടുകയാണ്.


ആനകൾ, കടുവകൾ തുടങ്ങി വന്യജീവികളുടെ ആക്രമണം പെരുകിയതോടെ വരുമാനം കുറഞ്ഞ് കര്‍ഷകര്‍ ദുരിതത്തിലാവുന്നു. 2025-ൽ മഹാരാഷ്ട്രയിൽ നടത്തിയ ഒരു പഠനപ്രകാരം വന്യജീവി ആക്രമണങ്ങളാൽ ഉണ്ടാകുന്ന വാർഷിക കാർഷിക നഷ്ടം 40,000 കോടി വരെ വരെയാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ലഭിക്കുന്ന നഷ്ടപരിഹാരം ആകെ നഷ്ടത്തിന്റെ ഏകദേശം 1 ശതമാനം മാത്രമാണ്.


മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ 239 പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിൽ 59 പേർ കൊല്ലപ്പെട്ടു. ഒഡീഷയിൽ ആനകളുടെ ആക്രമണത്തിൽ 650 പേർ കൊല്ലപ്പെട്ടു. ഈ കണക്കുകൾ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.


ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെ കേന്ദ്ര സർക്കാർ പരിഗണിക്കണം. കോർപ്പറേറ്റുകളുടെ ലാഭത്തിന് മുൻഗണന നൽകുന്നതിനുപകരം ജനങ്ങളുടെ താൽപര്യങ്ങളും ജീവനോപാധികളും സംരക്ഷിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് ‌ശിവദാസന്‍ കൂട്ടിച്ചേര്‍ത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home