വിവാഹത്തിന് മൂന്ന് സ്വർണാഭരണങ്ങൾ മതി; നിയന്ത്രണം ഏർപ്പെടുത്തി ഉത്തരാഖണ്ഡിലെ പഞ്ചായത്തുകൾ

ഡെറാഡൂൺ: വിവാഹവേളയിൽ സ്ത്രീകൾ ധരിക്കുന്ന സ്വർണാഭരണങ്ങളിൽ നിയന്ത്രണം കൊണ്ടുവന്ന് ഉത്തരാഖണ്ഡിലെ പഞ്ചായത്തുകൾ. കാണ്ഡാർ, ഇന്ദ്രാണി ഗ്രാമങ്ങളിലെ സംയുക്ത പഞ്ചായത്താണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് ആഭരണങ്ങൾ മാത്രം ധരിച്ചാൽ മതിയെന്നാണ് പഞ്ചായത്ത് സ്ത്രീകളോട് നിർദേശിച്ചിരിക്കുന്നത്.
ഈ നിർദേശം ലംഘിക്കുന്നവർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും ഉത്തരവുണ്ട്. സാമൂഹിക അസമത്വം കുറയ്ക്കുന്നതിനും കുടുംബ കലഹങ്ങൾ ഒഴിവാക്കുന്നതിനുമായാണ് തീരുമാനം. സ്വർണത്തിന്റെ ഉയർന്ന വില കാരണം പല സ്ത്രീകൾക്കും അത് വാങ്ങാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളും കുടുംബ വഴക്കുകയും തടയുക എന്നതാണ് ലക്ഷ്യം.
പുതിയ നിബന്ധനയനുസരിച്ച്, സ്ത്രീകൾക്ക് മൂക്കുത്തി, കമ്മൽ, താലി എന്നിവ മാത്രമേ വിവാഹവേളയിൽ ധരിക്കാൻ അനുവാദമുള്ളൂ. പഞ്ചായത്തിന്റെ ഈ തീരുമാനത്തെ ചില സ്ത്രീകൾ സ്വാഗതം ചെയ്തെങ്കിലും, പുരുഷന്മാർ ചെലവേറിയ മദ്യവും മറ്റും ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ആവശ്യമുയർന്നു.
സ്വർണം ഒരു നിക്ഷേപം ആണെന്നും മദ്യം എന്നാൽ അങ്ങനെ അല്ലെന്നും സ്ത്രീകൾ ആവശ്യപ്പെട്ടു. സ്ത്രീകളുടെ ഈ ആവശ്യം ന്യായമാണെന്ന് മറ്റ് പുരുഷന്മാരും അംഗീകരിച്ചു. സ്ത്രീകളുടെ വിമർശനങ്ങൾ പരിഗണിച്ച്, മദ്യം പോലുള്ള മറ്റ് ചെലവുകൾ കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.









0 comments