ad
Deshabhimani

സാഹസിക ടൂറിസത്തിന് പുത്തനുണർവ്; നന്ദാദേവി ഉൾപ്പെടെ 83 ഹിമാലയൻ കൊടുമുടികൾ തുറന്നു

Uttarakhand.jpg
വെബ് ഡെസ്ക്

Published on Feb 03, 2026, 04:28 PM | 1 min read

ഡെറാഡൂൺ: നന്ദാദേവി ഈസ്റ്റ് ഉൾപ്പെടെ ഉത്തരാഖണ്ഡിലെ 83 പ്രധാന ഹിമാലയൻ കൊടുമുടികൾ പർവതാരോഹണത്തിനായി തുറന്നുനൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.


സമുദ്രനിരപ്പിൽ നിന്ന് 5,700 മീറ്റർ മുതൽ 7,756 മീറ്റർ വരെ ഉയരമുള്ള കൊടുമുടികളാണ് സഞ്ചാരികൾക്കായി തുറന്നത്. ലോകപ്രശസ്തമായ മൗണ്ട് കാമറ്റ് (7,756 മീറ്റർ), ചൗഖംബ, തൃശൂൽ ഗ്രൂപ്പുകൾ, ശിവലിംഗ്, സതോപന്ത്, ചാംഗ്ബാംഗ്, പഞ്ചചൂലി, നീലകണ്ഠ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.


ഉത്തരാഖണ്ഡിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും പ്രകൃതിഭംഗിയുടെയും അടയാളമായ ഈ കൊടുമുടികൾ പർവതാരോഹകർക്ക് വലിയ വെല്ലുവിളിയും ആവേശവുമാണ് സമ്മാനിക്കുന്നത്.


പർവതാരോഹണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വദേശികളായ പർവതാരോഹകർക്ക് വൻ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചു. ഈ 83 കൊടുമുടികളിലും പർവതാരോഹണം നടത്തുന്ന ഇന്ത്യൻ സഞ്ചാരികളിൽ നിന്ന് ഈടാക്കിയിരുന്ന പീക്ക് ഫീ, ക്യാമ്പിംഗ് ഫീ, എൻവയോൺമെന്റൽ ഫീ എന്നിവ ഒഴിവാക്കി.


ഈ തുക ഇനി മുതൽ സംസ്ഥാന സർക്കാർ വഹിക്കും. വിദേശ സഞ്ചാരികൾ ഇനി മുതൽ ഇന്ത്യൻ മൗണ്ടനീറിംഗ് ഫൗണ്ടേഷൻ നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രം നൽകിയാൽ മതിയാകും. സംസ്ഥാന സർക്കാരിന്റെ അധിക ഫീസുകൾ ഇവർക്കും ഒഴിവാക്കിയിട്ടുണ്ട്.


പർവതാരോഹണത്തിനുള്ള അനുമതി വേഗത്തിലാക്കാൻ 'ഉത്തരാഖണ്ഡ് മൗണ്ടനീറിംഗ് പെർമിഷൻ സിസ്റ്റം' എന്ന പേരിൽ ഓൺലൈൻ പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്. സുതാര്യവും വേഗത്തിലുള്ളതുമായ നടപടികൾ ഇതിലൂടെ ഉറപ്പാക്കും.


പ്രാദേശിക തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ബജറ്റിൽ ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള ഹിമാലയൻ സംസ്ഥാനങ്ങളിൽ ഇക്കോ ഫ്രണ്ട്ലി മൗണ്ടൻ ട്രയലുകൾ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ സുപ്രധാന നീക്കം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home