ഉത്തരാഖണ്ഡ് ധരാലി ദുരന്തം: കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

uttarakhand cloudburst
വെബ് ഡെസ്ക്

Published on Sep 28, 2025, 11:29 AM | 1 min read

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു തെളിവുകളും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം.


ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നാണ് മന്ത്രാലയം അവകാശപ്പെട്ടത്. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള്‍ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്‍ഷം കഴിഞ്ഞു മാത്രമേ സാധാരണ മരിച്ചതായി പ്രഖ്യാപിക്കാറുളളു. ബന്ധുക്കളുടെ കൂടി അഭ്യര്‍ത്ഥനയിലാണ് നടപടി എന്നാണ് വിശദീകരണം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിക്കുമെന്ന് ജില്ലാ ഉദ്യോഗസ്ഥർ അറിയിച്ചു.


കാണാതായ വ്യക്തികളെ മരിച്ചതായി പ്രഖ്യാപിക്കാന്‍ ആവശ്യമായ ഏഴ് വര്‍ഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്‌ട്രേഷന്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഇതോടെ ധരാലിയിലെ പ്രളയത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കാന്‍ അര്‍ഹരാവും.


ആ​ഗസ്ത് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായത്. ഹർസിൽ സൈനിക ക്യാംപിൽ നിന്ന് നാല് കിലോമീറ്റർ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയിരുന്നു. ദുരന്തത്തിന് ഇരയായ 67 പേരുടെ അവശിഷ്ടങ്ങളോ തെളിവോ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല.




deshabhimani section

Related News

View More
0 comments
Sort by

Home