ad
Deshabhimani

ഉത്തരാഖണ്ഡിൽ പ്രളയഭീതി; നൂറിലധികം റോഡുകൾ അടച്ചു, റെഡ് അലർട്ട് പ്രഖ്യാപിച്ചു

Uttarakhand.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 03:37 PM | 1 min read

ഡെഹ്‌റാഡൂൺ: കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടം. കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തെ നൂറിലധികം പ്രധാന റോഡുകൾ പൂർണ്ണമായും അടച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.


ഉരുൾപൊട്ടലിനെ തുടർന്ന് കല്ലും മണ്ണും കുന്നുകൂടിയാണ് 118-ഓളം റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടത്. രുദ്രപ്രയാഗിൽ 22-ഉം, ഡെഹ്‌റാഡൂണിൽ 21-ഉം, ചമോലിയിൽ 16-ഉം, നൈനിറ്റാളിൽ 13-ഉം, പിത്തോരഗഡിൽ 12-ഉം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ചാർധാം തീർത്ഥാടന പാതകളെയും മഴ നന്നായി ബാധിച്ചിട്ടുണ്ട്.


യമുനോത്രി ദേശീയ പാതയിലും ഗതാഗതം തടസ്സപ്പെട്ടു. വഴിയിൽ കുടുങ്ങിയ തീർത്ഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഉധം സിംഗ് നഗർ, നൈനിറ്റാൾ, ചമ്പാവത് തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





ഡെഹ്‌റാഡൂൺ, ഹരിദ്വാർ, പൗരി, തെഹ്രി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ സേനയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു. മഴ ശക്തമായതോടെ സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.


ഉത്തരകാശിയിൽ ഭാഗീരഥി നദിയിലെ ജലനിരപ്പ് അപകടരേഖയായ 1,123 മീറ്ററിന് തൊട്ടടുത്ത് (1,120.20 മീറ്റർ) എത്തിയിട്ടുണ്ട്. ദേവപ്രയാഗിലും ഭാഗീരഥിയിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ബദരീനാഥിൽ അളകനന്ദ നദി അപകടരേഖയ്ക്ക് വെറും രണ്ട് മീറ്റർ മാത്രം താഴെയാണ് ഇപ്പോൾ ഒഴുകുന്നത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home