print edition ഉത്തർപ്രദേശിൽ സീറ്റിന് മുറവിളി; സമാജ്‌വാദി പാർടിക്കും കോൺഗ്രസ് പാര

ന്യൂഡൽഹി: ബിജെപിക്കും ആർഎസ്‌എസിനുമെതിരെ പോരാടുന്ന ഇന്ത്യ കൂട്ടായ്മയെ ദുർബലമാക്കാനുള്ള നീക്കങ്ങൾ ഉത്തർപ്രദേശിലും സജീവമാക്കി കോൺഗ്രസ്. ഉത്തർപ്രദേശ് നിയമസഭാസീറ്റിൽ സമാജ്‌വാദി പാർടി മത്സരിക്കുന്ന അത്രയും സീറ്റുകളിൽ കോൺഗ്രസും മത്സരിക്കണമെന്നാണ് ആവശ്യം. പുതിയതായി നിയമിക്കപ്പെട്ട കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേന്ദ്രപാൽ ഗൗതം ഇൗ ആവശ്യം പരസ്യമായി ഉന്നയിച്ചു.
10 വർഷം മുന്പാണ് ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടിയും കോൺഗ്രസും നിയമസഭാതെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ചത്. അന്ന് എസ്‌പി 311 സീറ്റിലും കോൺഗ്രസ് 114 സീറ്റിലുമാണ് മത്സരിച്ചത്. 2022ൽ ഇരുപാർടികളും ഒറ്റയ്‌ക്ക് മത്സരിച്ചു. അന്ന് 399 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് വെറും രണ്ട് സീറ്റാണ് ജയിക്കാനായത്. ഇതോടെ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എസ്‌പിയുമായി വീണ്ടും സഖ്യമുണ്ടാക്കി ആറ് ലോക്‌സഭാസീറ്റുകൾ സ്വന്തമാക്കി. ഇൗ ചരിത്രം വിസ്‌മരിച്ചാണ് കോൺഗ്രസ് എസ്‌പി മത്സരിക്കുന്ന അത്രയും സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചത്.
എസ്‌പി ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ഒറ്റയ്‌ക്ക് മത്സരിക്കാനാകും കോൺഗ്രസിന്റെ തീരുമാനം. ജയിക്കാൻ ശേഷിയില്ലെങ്കിലും എസ്‌പി സ്ഥാനാർഥിയെ പരാജയപ്പെടുത്താനുള്ള വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസിന് കഴിയും. അയോധ്യ ക്ഷേത്രത്തിലെ കാണിക്കകൊള്ള ഉൾപ്പടെയുള്ള വിവാദങ്ങളിൽ നട്ടംതിരിഞ്ഞിരിക്കുന്ന ബിജെപിയും ഇൗ സാധ്യതയിലേക്കാണ് ഉറ്റുനോക്കുന്നത്. നേരത്തെ, ഡൽഹിയിലും ബിഹാറിലും തമിഴ്‌നാട്ടിലും ഇന്ത്യാകൂട്ടായ്‌മയിലെ സഖ്യകക്ഷികളെ പിന്നിൽനിന്ന് കുത്തുന്ന രാഷ്ട്രീയനിലപാടുകളാണ് കോൺഗ്രസ് സ്വീകരിച്ചത്.











0 comments