print edition അദാനിക്കുള്ള യുഎസ് സമൻസ് ; കേന്ദ്രം രണ്ടുവട്ടം തടഞ്ഞു

ന്യൂഡൽഹി
നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിന് അമേരിക്കയിൽ നിയമനടപടി നേരിടുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും കൂട്ടുപ്രതികൾക്കും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ (യുഎസ്‌എസ്‌ഇസി) അയച്ച സമൻസ് കേന്ദ്ര ബിജെപി സർക്കാർ രണ്ടുവട്ടം തടഞ്ഞു. ഇതോടെ, ഇ–മെയിൽ വഴി നേരിട്ട് സമൻസ് അയക്കാൻ യുഎസ്‌എസ്‌ഇസി കോടതിയുടെ അനുമതി തേടി. ഇതിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് അദാനിക്കുള്ള സമൻസ് കൈമാറാൻ കേന്ദ്ര നിയമമന്ത്രാലയം രണ്ടുവട്ടം വിസമ്മതിച്ചതായി വെളിപ്പെടുത്തുന്നത്.
2024 ഫെബ്രുവരിയിലാണ് അദാനിക്കുള്ള സമൻസ് നിയമമന്ത്രാലയം ആദ്യം തടഞ്ഞത്. കഴിഞ്ഞ ഡിസംബറിലും മന്ത്രാലയം സമൻസ് കൈമാറാൻ കൂട്ടാക്കാതെ തടഞ്ഞുവെച്ചു. സമൻസിന്റെ ഭാഗമായുള്ള കവറിങ് ലെറ്ററിൽ മഷി കൊണ്ടുള്ള ഒപ്പില്ല, ചില രേഖകളിൽ ഒൗദ്യോഗിക സീൽ ഇല്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് നിയമമന്ത്രാലയം ഫെബ്രുവരിയിൽ തടസ്സം ഉന്നയിച്ചത്. ഹേഗ് ചട്ടപ്രകാരം സമൻസ് കൈമാറുന്നതിന് ഇത്തരം സാങ്കേതികപ്രശ്‌നങ്ങൾ തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ തന്നെ എസ്‌ഇസി വീണ്ടും നിയമമന്ത്രാലയത്തെ സമീപിച്ചിരുന്നു. രണ്ടാമത്തെ അപേക്ഷയിൽ തീരുമാനം നീട്ടി കൊണ്ടുപോവുകയാണ് നിയമമന്ത്രാലയം ചെയ്‌തത്. ഇത്തരമൊരു സമൻസ് അയക്കാൻ എസ്‌ഇസിക്ക് അധികാരമില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ഡിസംബറിൽ വീണ്ടും തടസ്സവാദം ഉയർത്തി.










0 comments