print edition സുഷ്‌മിതയെ പിന്തുണച്ച് ബിജെപി: "ലുങ്കിവാല' അധിക്ഷേപം; മുണ്ടുടുത്ത് എംപിമാർ

‘ലുങ്കിവാല’ അധിക്ഷേപ പരാമർശത്തിനെതിരെ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചപ്പോൾ
ന്യൂഡൽഹി: പാർലമെന്റിൽ ദക്ഷിണേന്ത്യക്കാരെ അടച്ചാക്ഷേപിച്ച ബിജെപി എം പി സുഷ്‌മിതാ ദേവിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ നിരവധി അംഗങ്ങൾ മുണ്ടുടുത്ത് പാർലമെന്റിലെത്തിയാണ് പ്രതിഷേധിച്ചത്.
ചൊവ്വാഴ്‌ച സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസ് ചർച്ചയിൽ സംസാരിക്കവേ ‘ലുങ്കിവാല...ലുങ്കിവാല....’ എന്ന് തുടർച്ചയായി അധിക്ഷേപിക്കുകയായിരുന്നു. ചെയറിന്റെ അനുമതിയോടെ ബ്രിട്ടാസ് ഇക്കാര്യം സഭയിൽ ഉന്നയിച്ചു. ‘ദക്ഷിണേന്ത്യക്കാരനെന്ന നിലയിലും മലയാളിയെന്ന നിലയിലും എനിക്ക് അഭിമാനമുണ്ട്. മലയാള ഭാഷ, സംസ്‌കാരം, വേഷവിധാനം, ഭക്ഷണം തുടങ്ങിയവയിലും അഭിമാനിക്കുന്നു. പാർലമെന്റ് അംഗമെന്ന നിലയിൽ ചർച്ചയിൽ പങ്കെടുക്കവേ ഭരണപക്ഷത്തെ എംപി ‘ലുങ്കിവാല’യെന്ന് അധിക്ഷേപിച്ചു. സഭയിൽ വാക്കുതർക്കങ്ങൾ സ്വാഭാവികം. എന്നാൽ, ഇവിടെ മുണ്ടിനെ ഒരു ജനവിഭാഗത്തെ അവഹേളിക്കാനുള്ള ആയുധമാക്കി’–ബ്രിട്ടാസ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ ബ്രിട്ടാസിനെ പിന്തുണച്ചപ്പോൾ ഭരണപക്ഷം അനാവശ്യ ബഹളമുണ്ടാക്കി.
തുടർന്ന് സഭാധ്യക്ഷൻ സി പി രാധാകൃഷ്‌ണൻ ഇടപെട്ടു. ‘അംഗങ്ങളുടെ സാംസ്‌കാരികത്തനിമയെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് റൂളിങ് നൽകി. അസാധാരണമായ ഇൗ റൂളിങ് ബിജെപിക്ക് തിരിച്ചടിയായി. രണ്ടംഗങ്ങളെയും ചേംബറിൽ വിളിച്ചുവരുത്തി വിഷയം ചർച്ച ചെയ്യും’–അദ്ദേഹം അറിയിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും രാജ്യസഭാനേതാവ് ജെ പി നദ്ദയും സുഷ്‌മിതയെ പിന്തുണച്ചു. റിജിജുവും നദ്ദയും സംസാരിക്കവേ ബിജെപിയുടെ വനിതാ അംഗങ്ങൾ ബ്രിട്ടാസിനെതിരെ മുദ്രാവാക്യം മുഴക്കി പ്രകോപനമുണ്ടാക്കി.
ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞശേഷം വീണ്ടും ചേർന്നപ്പോൾ സുഷ്‌മിതാ ദേവിനും സംസാരിക്കാൻ അവസരം നൽകി. അധിക്ഷേപ പരാമർശം നടത്തിയിട്ടില്ലെന്നും തെറ്റിദ്ധാരണകൾ സൃഷ്‌ടിക്കാനാണ് ശ്രമമെന്നും അവർ അവകാശപ്പെട്ടു. എംപിമാർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് സംഘപരിവാർ പുലർത്തുന്ന തീവ്രവിദ്വേഷമാണ് അധിക്ഷേപത്തിന് പിന്നിലെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.
"ലുങ്കി'യിൽ കൈപൊള്ളി ബിജെപി
സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിനെതിരെ സുഷ്‌മിതാദേവ് എം പി ‘ലുങ്കിവാല’ അധിക്ഷേപം നടത്തിയത് ദക്ഷിണേന്ത്യക്കാരെ ആസൂത്രിതമായി അവഹേളിക്കാനുള്ള ബിജെപിയുടെ നീക്കമാണെന്ന വിമർശം ശക്തം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
വിഷയത്തെ വർഗീയവൽക്കരിക്കാനും ബ്രിട്ടാസിനെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാനും സുഷ്‌മിതാദേവ് നീക്കം നടത്തിയെങ്കിലും പാളി.
തിങ്കളാഴ്‌ച ജോൺ ബ്രിട്ടാസ് സഭയിൽ സംസാരിക്കവേ തൊട്ടുപിന്നിൽ വന്ന് സുഷ്‌മിതാദേവ് അധിക്ഷേപിക്കുകയായിരുന്നു.
ശല്യപ്പെടുത്തൽ തുടർന്നതോടെ ബ്രിട്ടാസ് ‘ടേൺകോട്‌സ് ആർ മോർ എൻത്യൂസ്യാസ്റ്റിക്’ (കൂറുമാറ്റക്കാരാണ് കൂടുതൽ ശൗര്യം കാണിക്കാറുള്ളത്) എന്ന് പ്രതികരിച്ചു. കോൺഗ്രസിൽനിന്ന് തൃണമൂൽ കോൺഗ്രസിലേക്കും അവിടെനിന്ന് ബിജെപിയിലേക്കും ചാടിയ സുഷ്‌മിതാദേവിനെ പരിഹസിക്കുന്നതായിരുന്നു ഇൗ പരാമർശം. എന്നാൽ ‘എൻത്യൂസ്യാസ്റ്റിക്’ എന്ന വാക്ക് ‘ഹിന്ദു’ക്കളെ ആക്ഷേപിക്കുന്നതാണെന്ന് സുഷ്‌മിത വാദിച്ചു.
സഭാനടപടികളുടെ വീഡിയോ മുഴുവൻ പരിശോധിച്ചെങ്കിലും ആരോപണത്തിൽ കഴന്പില്ലെന്ന് തെളിഞ്ഞു. പശ്‌ചിമബംഗാളിലെ ബിജെപി അംഗമായ സുകേന്ദു ശേഖർ റോയ് ഉൾപ്പടെയുള്ള നേതാക്കൾ സുഷ്‌മിതയുടെ ഭാഗത്താണ് തെറ്റെന്ന് നേതൃത്വത്തെ അറിയിച്ചു.










0 comments