ad
Deshabhimani

മോദിക്ക് ട്രംപിന്റെ വക വൈറ്റ് ഹൗസിലേക്ക് ക്ഷണം; ഡൽഹിയിൽ മോദി-റൂബിയോ ചർച്ച

modi rubio
വെബ് ഡെസ്ക്

Published on May 23, 2026, 05:30 PM | 1 min read

ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷ, വ്യാപാരം എന്നിവ മുൻനിർത്തിയായിരുന്നു ഡൽഹിയിൽ വെച്ചുള്ള ചർച്ചകൾ. കൂടിക്കാഴ്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി മോദിയെ റൂബിയോ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.


ട്രംപ് രണ്ടാമതും അധികാരമേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ രീതിയിലുള്ള അസ്ഥിരതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം പ്രതിരോധിക്കാൻ ഇന്ത്യയെ ഒരു ബദൽ ശക്തിയായിട്ടാണ് അമേരിക്ക കാണുന്നത്. സുരക്ഷ, വ്യാപാരം, ക്രിട്ടിക്കൽ ടെക്നോളജികൾ എന്നിവയ്ക്ക് പുറമെ പശ്ചിമേഷ്യൻ സംഘർഷങ്ങളും ഇരുവർക്കുമിടയിൽ ചർച്ചയായി എന്നാണ് റിപ്പോർട്ടുകൾ.


റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് സർക്കാർ മുൻപ് 50% വരെ അധിക നികുതി ചുമത്തിയത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഈ കനത്ത നികുതി വർദ്ധനവിനെതിരെ ശക്തമായ നിലപാടെടുക്കാനോ പരസ്യമായി പ്രതികരിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് സന്ദർശനം.


ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഇപ്പോഴും കടുത്ത വിധേയത്വം പുലർത്തുന്നു എന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച വ്യാപാര കരാർ ധാരണ പ്രകാരം ട്രംപ് നികുതി 18 ശതമാനമായി കുറച്ചെങ്കിലും, ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്രം ഇപ്പോഴും പിന്നിലാണ്. ട്രംപിന്റെ ചൈന സന്ദർശനം പ്രതീക്ഷിച്ച വിജയം കാണാത്ത പശ്ചാത്തലത്തിലാണ്, തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയുമായുള്ള ബന്ധം ഉപയോഗപ്പെടുത്താനുള്ള അമേരിക്കയുടെ ഈ പുതിയ ശ്രമങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home