print edition യുഎസ് വ്യാപാര കരാർ: ഇന്ത്യൻ കാർഷിക മേഖലയ്‌ക്ക് മരണമണി

ന്യൂഡൽഹി: യുഎസ് വ്യാപാര കരാറിലൂടെ ഇന്ത്യൻ കാർഷിക മേഖലയ്‌ക്ക് മരണമണി മുഴക്കുകയാണെന്ന് അഖിലേന്ത്യാ കിസാൻ സഭ. സാമ്രാജ്യത്വ യജമാനൻമാരെ പ്രീതിപ്പെടുത്താൻ സംഘപരിവാർ സർക്കാർ ഏതറ്റം വരെയും പോകുമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ സന്ദർശനത്തിലൂടെ വ്യക്തമാകുന്നത്. വ്യാപാര കരാറിനെ സംബന്ധിച്ച വിശദാംശങ്ങൾ പാർലമെന്റിനെ അറിയിക്കാൻപോലും മോദി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കരാർ അന്തിമ ഘട്ടത്തിലാണെന്ന് റൂബിയോ പരസ്യമായി പ്രഖ്യാപിക്കുന്നു. ഇന്ത്യയിലേക്ക് പാൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനാവശ്യമായ തീരുമാനമാണ് അവസാന കടന്പയെന്നും റൂബിയോ പറയുന്നു. വ്യാപാര കരാർ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും പ്രഖ്യാപിച്ചിട്ടുണ്ട്.
വിപണി തുറന്നുകൊടുക്കുന്നത് ഇന്ത്യൻ ക്ഷീരകർഷരുടെ ദൈനംദിന വരുമാനത്തിന് നേരിട്ടുള്ള ഭീഷണിയാകും. വൻ തോതിലുള്ള വിദേശ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പ്രാദേശിക കർഷകരുടെ വരുമാനത്തെ ഇല്ലാതാക്കും. മറ്റ് കർഷകരെയും കരാർ അപകടത്തിലാക്കും. വ്യാപാര കരാറുമായി മുന്നോട്ടുപോയാൽ ശക്തമായ കർഷക സമരത്തെ മോദി സർക്കാർ നേരിടേണ്ടി വരുമെന്നും അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments