ലോകമെമ്പാടും ആധിപത്യം സ്ഥാപിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം ശ്രമിക്കുന്നു: ഇടതുപക്ഷ പാർടികൾ

ന്യൂഡൽഹി: വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തെ അപലപിച്ചും ലാറ്റിനമേരിക്കൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇടതുപക്ഷ പാർടികൾ സംയുക്ത ആഹ്വാനം നൽകി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ വിഷയത്തിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക തട്ടിക്കൊണ്ടുപോയതിനെയും ശക്തമായി അപലപിക്കുന്നുവെന്ന് പാർടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇത് ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ ആക്രമണമാണെന്നും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്നും പാർടികൾ ചൂണ്ടിക്കാണിച്ചു.
വെനിസ്വേലയുടെ എണ്ണ ശേഖരം അമേരിക്ക പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായാണ് വിവരം. ഇതുവഴി ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുകയാണ്. ക്യൂബയും മെക്സിക്കോയും അടുത്ത ലക്ഷ്യങ്ങളായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
ഡിസംബർ ആദ്യ ആഴ്‌ച പ്രഖ്യാപിച്ച അമേരിക്കൻ ദേശീയ സുരക്ഷാതന്ത്രത്തിന്റെ യഥാർത്ഥ മുഖമാണ് വെളിപ്പെടുന്നത്. പടിഞ്ഞാറൻ ഗോളാർദ്ധത്തിലെ യുഎസ് സേനയുടെ കേന്ദ്രീകരണവും മേഖലയെയാകെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തുറന്ന പ്രഖ്യാപനവും ട്രംപിന്റെ മൺറോ ചട്ടം നടപ്പാക്കലിനെയാണ് പ്രതിനിധീകരിക്കുന്നത്.
അമേരിക്കയുടെ കടന്നാക്രമണത്തിനെതിരെയും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമായി അവിടത്തെ ജനങ്ങൾ വൻതോതിൽ അണിനിരക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇടതുപക്ഷ പാർടികൾ 'വെനസ്വേലയിലെ ജനങ്ങൾക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും' പ്രകടിപ്പിച്ചു. രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും അതിൽ പങ്കുചേരണമെന്നും സംയുക്ത പാർടികൾ അഭ്യർഥിച്ചു.
യുഎസ് ആക്രമണത്തെ അപലപിക്കുന്ന ലോക രാജ്യങ്ങൾക്കൊപ്പം പങ്കുചേരണമെന്നും വെനസ്വേലയ്‌ക്കൊപ്പം ഉറച്ചുനിൽക്കണമെന്നും കേന്ദ്ര സർക്കാരിനോട് ഇടത് പാർടികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments