ad
Deshabhimani

റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി അമേരിക്ക; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസം

India-US Trade  modi trump.JPG
വെബ് ഡെസ്ക്

Published on Apr 18, 2026, 01:38 PM | 1 min read

വാഷിംഗ്ടൺ: അന്താരാഷ്ട്ര വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വീണ്ടും ഇളവ് അനുവദിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് തടസ്സമില്ലാത്ത വിധം മെയ് 16 വരെയാണ് ഇളവ് നീട്ടി നൽകിയത്.


വെള്ളിയാഴ്ച രാത്രിയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഇത് സംബന്ധിച്ച പുതിയ പൊതു ലൈസൻസ് പുറത്തിറക്കിയത്. ഏപ്രിൽ 11-ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമായാണ് ഈ നടപടി. അതേസമയം, ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഈ ഇളവ് ബാധകമല്ല.


ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കെതിരെയുള്ള ഉപരോധങ്ങൾ കർശനമായി തുടരുമെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് പുതുക്കില്ലെന്ന് ബുധനാഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രഖ്യാപിച്ചിരുന്നു.


എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചതോടെ ട്രംപ് ഭരണകൂടം നിലപാട് മാറ്റുകയായിരുന്നു. ഏപ്രിൽ 17-ഓ അതിന് മുൻപോ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങുന്നതിനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.


ഉപരോധ ഇളവുകൾ ലഭ്യമായതോടെ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ ഇതിനകം ഓർഡർ ചെയ്തതായാണ് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധിക്കുന്നത് അമേരിക്കയിലെ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭീതിയും ഈ തീരുമാനത്തിന് പിന്നിലുണ്ട്.


എന്നാൽ, റഷ്യക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുന്ന ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും യൂറോപ്യൻ സഖ്യകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home