എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവ് അവസാനിപ്പിച്ച് അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യത

വാഷിങ്ടൺ: ഇറാനിൽ നിന്നും റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന 30 ദിവസത്തെ പ്രത്യേക ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചു.
ഇറാനിയൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 19-ഓടെ അവസാനിക്കുമെന്നും ബെസെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ ഈ കടുപ്പമേറിയ നിലപാട് കനത്ത തിരിച്ചടിയാണ്. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് എണ്ണ ലഭിക്കാത്ത സാഹചര്യം രാജ്യത്ത് ഇന്ധനവില വർദ്ധനവിനും പണപ്പെരുപ്പത്തിനും കാരണമായേക്കാം.
ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനും ആഭ്യന്തര ആവശ്യങ്ങൾക്കുമായി റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് 30 ദിവസത്തെ പ്രത്യേക അനുമതി ട്രംപ് ഭരണകൂടം നൽകിയിരുന്നു. ഈ ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക അത് തള്ളുകയായിരുന്നു.
മാർച്ച് 5 മുതൽ 30 ദിവസത്തേക്ക് കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്‌കൃത എണ്ണയുടെ വിതരണത്തിന് നൽകിയ ലൈസൻസാണ് ഇപ്പോൾ റദ്ദായിരിക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്കിൽ ഗതാഗതം തടസ്സപ്പെടുകയും ആഗോള എണ്ണ വിതരണത്തിൽ പ്രതിസന്ധി ഉണ്ടാവുകയും ചെയ്തിരുന്നു.
ഇത് പരിഹരിക്കാനാണ് ആദ്യം ഇളവുകൾ അനുവദിച്ചത്. അമേരിക്കൻ ഉപരോധം കർശനമാകുന്നതോടെ റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യക്ക് നിയമക്കുരുക്കുകൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും വഴിവെക്കും. ബദൽ മാർഗ്ഗങ്ങൾ തേടാൻ ഇന്ത്യ നിർബന്ധിതമാകുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










0 comments