ഇറാനെ പെട്ടെന്ന് വീഴ്ത്താമെന്ന് കരുതി; ലക്ഷ്യം പിഴച്ച് യുഎസും ഇസ്രയേലും

ഇറാന്റെ മൊസെെക്ക് പ്രതിരോധ സംവിധാനം രൂപകൽപ്പന ചെയ്ത മൊഹമ്മദ് അലി ജഫാരി
വളരെ എളുപ്പത്തിൽ തകർത്തില്ലാതാക്കാം ഇറാനെ എന്ന യുഎസ്- ഇസ്രയേൽ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു.പരമോന്നത നേതാവ് അയത്തൊള്ള ഖമനോയി കൊല്ലപ്പെട്ടതിന് പിന്നാലെ അവസാനിക്കുമെന്ന് കരുതിയ യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് എന്നാല്‍ കാണാനാകുന്നത്. വെനസ്വേലയെ പോലെ വളരെ എളുപ്പത്തിൽ തകർത്തില്ലാതാക്കാനാകുന്ന ഒരു ശക്തിയാണ് ഇറാനെന്നായിരുന്നു യുഎസും ഇസ്രയേലും കരുതിയത്. എന്നാല്‍ അതെ തെറ്റായിരുന്നു എന്ന് യുദ്ധക്കൊതിയന്‍മാരായ ആ ശക്തികള്‍ ഇപ്പോളേ തിരിച്ചറിയുന്നു.
രണ്ടാഴ്ചയോളമായിട്ടും ശക്തമായ പ്രത്യാക്രമണത്തിലൂടെ ഇറാൻ, യുഎസ് - ഇസ്രയേൽ സഖ്യത്തെ പലതരത്തിലും ചെറുക്കുകയാണ്. മുതിർന്ന നേതാക്കളമൊക്കെ കൊല്ലപ്പെട്ടെങ്കിലും യുഎസിനെതിരായ ശക്തമായ നീക്കങ്ങൾ ഗൾഫ് രാജ്യങ്ങൾ വഴി ഇറാന്‍ തുടരുന്നു. അങ്ങനെ പശ്ചിമേഷ്യയിലെ തളരാത്ത ശക്തിയായി ഇറാൻ മാറിക്കഴിഞ്ഞിരിക്കുന്നു . ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ശക്തമായ ആക്രമണം അമേരിക്കൻ സാമ്പത്തിക മേഖലയെയാകെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യുദ്ധത്തെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പോലും യുഎസിൽ ഉണ്ടാക്കാൻ ഇറാന് കഴിയുന്നു എന്നാണ് വിവരം.
മൊഹമ്മദ് അൽ ജഫീരിയെന്ന ഇറാനിയൻ സെെനിക തന്ത്രജ്ഞൻ കെട്ടിപ്പടുത്ത പ്രതിരോധ സംവിധാനമാണ് ഇറാനെ യുദ്ധം ചെയ്യാൻ ഇപ്പോഴും പ്രേരിപ്പിക്കുന്നത് എന്നും വിശ്വസിക്കുന്നവരുണ്ട്. കിഴക്കും പടിഞ്ഞാറും യുഎസ് അടിയറവ് പറഞ്ഞത് സംബന്ധിച്ച 10 വർഷത്തെ പഠനം നടത്തുകയാണ് ഇറാൻ ചെയ്തതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരഗ്ച്ചി പറഞ്ഞു.
കാര്യങ്ങൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. കേന്ദ്രത്തിൽ ബോംബ് വർഷിച്ചാലും യുദ്ധം ചെയ്യാനുള്ള ഞങ്ങളുടെ ശക്തിക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. 'വികേന്ദ്രീകൃത മൊസെെക്ക് പ്രതിരോധ' സംവിധാനം വഴി ഇറാന്, എങ്ങനെ എപ്പോൾ യുദ്ധം അവസാനിപ്പിക്കണമെന്ന് അറിയാം. യുഎസ് വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയെ കൊല്ലപ്പെട്ട സന്ദർഭത്തിൽ അരാഗ്ച്ചി പറഞ്ഞു
ആയത്തുള്ള അലി ഖമനേയി അടക്കം കൊല്ലപ്പെട്ടതോടെ ഇറാൻ പതറിവീഴുമെന്നും യുദ്ധത്തിന് വിരാമമാകുമെന്നും കരുതിയവർക്ക് തെറ്റുപറ്റിയെന്ന് തുടർന്നുള്ള സംഭവങ്ങൾ തെളിയിക്കുന്നു. ഖമനേയി വധിക്കപ്പെട്ടുവെന്ന് ലോകത്തെ അറിയിച്ച് രാജ്യത്തെ ജനങ്ങളെ ഇറാൻ പതാകയ്‌ക്കുകീഴിൽ അണിനിരത്തുകയും ലോക മുസ്ലിങ്ങളെ അമേരിക്കൻ–ഇസ്രയേൽ വിരുദ്ധ ചേരിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന തന്ത്രം ഇറാൻ സമർഥമായി പയറ്റുകയായിരുന്നു. പുതുനിര നേതൃത്വവും മുന്നോട്ടുവയ്‌ക്കപ്പെട്ടു.
നിലവിൽ ദിനംതോറും കൂടുതൽ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുകയാണ്. സമ്പൂർണമായി തകർന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞ ഹിസ്‌ബൊള്ള ഇസ്രയേലിനുനേരെ നടത്തിയ ആക്രമണവും അതിനോടുള്ള പ്രതികരണമെന്ന രീതിയിൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങും അതാണ് തെളിയിക്കുന്നത്. അമേരിക്കയും ഇസ്രയേലും നിശ്ചയിക്കുന്നപോലെ ഈ യുദ്ധം മുന്നോട്ടുപോകില്ലെന്ന വ്യക്തമായ സൂചനകളാണ് നിലവിൽ ലഭിക്കുന്നത്.










0 comments