ad
Deshabhimani

യുദ്ധത്തിൽ അയവുവന്നാലും ഇന്ധന ഇറക്കുമതി പഴയ നിലയിലാകാൻ സമയമെടുക്കും

hormus

ഹോർമുസ് കടലിടുക്ക്

വെബ് ഡെസ്ക്

Published on Mar 13, 2026, 07:36 PM | 2 min read

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി ഏറ്റവും ഗുരുതരമായ പ്രശ്നമായി പരിണമിച്ചിരിക്കുന്നത് പാചകവാതക വിതരണമേഖലയെയാണെന്ന് ഇനിയും വ്യക്തമാകേണ്ടതില്ല. രാജ്യത്തേക്കുള്ള എൽപിജി ഇറക്കുമതിയിൽ മർമ പ്രധാനമാണ് ഹോർമുസ് കടലിടുക്ക് . കാരണം, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 85 മുതൽ 90 ശതമാനംവരെ വരുന്നത് ഈ പാതയിലൂടെയാണ്. യുദ്ധത്തിൽ അയവ് വന്നാലും ഇറക്കുമതി പഴയ നിലയിലാകുന്നതിന് പോലും കൂടുതൽ സമയമെടുക്കും. കടലിടുക്കടച്ചതോടെ ഇന്ത്യൻ സംസ്ഥാനങ്ങൾ ഇങ്ങേ അറ്റത്ത് കേരളം വരെ അനുഭവിക്കുന്ന അതി​ഗുരുതരമായ എൽപിജി വാതക പ്രതിസന്ധി വരും ദീവസങ്ങളെത്തുമ്പോൾ കൂടുതൽ ​ഗുരുതരമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇറാനെതിരായ യുഎസ് ഇസ്രയേൽ യുദ്ധം ഒരു കാരണമാണെങ്കിലും കേന്ദ്രത്തിന്റെ ഊർജ ശേഖരത്തിലെ നിഷ്ക്രിയത്വമാണ് പ്രശ്നങ്ങളുടെ ആണിക്കല്ല് എന്നിപ്പോൾ ബോധ്യമാവുകയാണ്.

ക്രൂഡ് ഓയിൽ വില ഉയരുന്നതിന് സമാന്തരമായി എൽപിജി, എൽഎൻജി എന്നിവയുടെ വിലയും ഗണ്യമായി ഉയരുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യം കൂടുതൽ വില വർധനയ്ക്ക് വഴിതുറക്കുമെന്നതാണ് മറ്റൊരു വസ്തുത. ഒരു വശത്ത് എൽബപിജി ക്ഷാമം നിലനിൽക്കുമ്പോൾ മറുവശത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വില വൈകാതെ വർധിക്കുകയും ചെയ്യു. അവസരം മുതലെടുത്ത് വിതരണക്കമ്പനികൾ പരമാവധി നേട്ടം ഉണ്ടാക്കും.


രാജ്യത്തിന്റെ ഇറക്കുമതിയുടെ 40 ശതമാനവും എത്തുന്നത് യുഎഇയിൽനിന്നാണ്. 22 ശതമാനം ഖത്തറും 15 ശതമാനംവീതം സൗദി അറേബ്യ, കുവൈത്ത്‌ എന്നീ രാജ്യങ്ങളും നൽകുന്നു. യുദ്ധം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ഈ രാജ്യങ്ങളെയാണ്.എൽപിജി ഉൽപ്പാദനം ഉയർത്താൻ എണ്ണക്കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ ഇറക്കുമതിയാണ് കൂടുതൽ ലാഭകരം എന്നതാണ് കമ്പനികൾ ഇറക്കുമതി ഉദാരമാക്കാൻ കാരണമായത്. കൊമേഴ്‌സ്യൽ സിലിണ്ടറുകൾ നൽകുന്നത് പരമാവധി കുറയ്ക്കുക എന്ന തന്ത്രവും സർക്കാർ സ്വീകരിച്ചു. എന്നാൽ ഈ നടപടികൾ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ല.


അതേസമയം, ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പറഞ്ഞു. തങ്ങൾക്കെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ, ഈ മേഖലയിൽ നിന്ന് 'ഒരു ലിറ്റർ എണ്ണ പോലും' പുറംലോകത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഐആർജിസി വക്താവ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ‌ എണ്ണ പ്രതിസന്ധി കൂടുതൽ സങ്കീർണമാകുകയാണ്.


ഹോർമുസ്‌ കടലിടുക്കിൽ 28 ഇന്ത്യൻ കപ്പലാണ്‌ കുടുങ്ങി കിടക്കുന്നതെന്ന്‌ തുറമുഖ വകുപ്പ്‌ പ്രത്യേക സെക്രട്ടറി രാജേഷ്‌ കുമാർ സിൻഹ അറിയിച്ചിരുന്നു. 38 ഇന്ത്യൻ കപ്പലുകളുണ്ടെന്ന്‌ നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. 28 കപ്പലിലായി 778 നാവികരുണ്ട്‌. 24 കപ്പലുകൾ കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗത്തും നാലെണ്ണം കിഴക്കൻ ഭാഗത്തുമാണ്‌.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home