ad
Deshabhimani

യുപിഐ പേമെന്റ് ഫീസ് ഏര്‍പ്പെടുത്തിയത് ആസൂത്രിതം; ജനങ്ങളുടെ കീശയിൽ കൈയിടാൻ യുഎസ് കമ്പനികൾക്ക് അവസരം

UPI US
വെബ് ഡെസ്ക്

Published on Sep 15, 2026, 04:32 PM | 4 min read

മുംബൈ:ഇന്ത്യയിൽ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നവര്‍ ഒരു ചായ കുടിച്ചാലും മിഠായി വാങ്ങിച്ചാലും ഒരു വിഹിതം ഇനി യുഎസ് കമ്പനികൾക്ക് നൽകേണ്ടി വരും. ഇതു സംബന്ധിച്ച വാര്‍ത്തകൾ നിരന്തരം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവിൽ യുപിഐ പേമെന്റുകൾക്ക് ഫീസ് ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തു വിട്ടു. പാർലമെന്റ് പാസാക്കിയ ടാക്‌സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്‌മെന്റ് ബിൽ വഴി യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നു എന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്.


തുടക്കം ഒരു ടെസ്റ്റ് ഡോസാണ്. രണ്ടായിരം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ് അനുവദിച്ചതായാണ് അറിയിപ്പ്. ഇങ്ങനെ ഈടാക്കുന്ന തുകയിൽ 40 ശതമാനം തുക എസ്ബിഐ ഉൾപ്പെടെ ബാങ്കുകൾക്ക് ലഭിക്കും എന്ന് വിശദീകരിക്കുന്നു. ബാക്കി 60 ശതമാനം തുക ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾക്കാണ് ലഭിക്കുക എന്നത് പിന്നാലെ പറയാതെ പറയുന്നു. ദീര്‍ഘകാലമായുള്ള ആസൂത്രിത നീക്കത്തിന് പിന്നാലെയാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള വ്യാപാര വ്യവസായ കൂട്ടായ്മയുടെ ഏറെ നാളത്തെ ആവശ്യവും സമ്മര്‍ദ്ദവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. ഇക്കാര്യം മറച്ചു വെച്ചാണ് ബാങ്കിങ് ചെലവുകൾ നിര്‍വഹിക്കാൻ എന്ന ന്യായം ഉയര്‍ത്തി യുപിഐ ഇടപാടുകൾക്ക് ഫീസ് അനുവദിച്ചത്.


യുപിഐ പേമെന്റുകൾക്ക് ഫീസ് ഈടാക്കാൻ അമേരിക്കൻ ലോബിയിങ് നടക്കുന്നതായി വാര്‍ത്ത ദേശാഭിമാനി ഓൺലൈൻ പുറത്തു വിട്ടിരുന്നു.



Related News

വൻ ഡാറ്റാ ശേഖരം കയ്യാളും

ഒപ്പം ചെലവ് കാശും പിരിക്കും


ഇപ്പോൾ അനുവദിച്ചിരിക്കുന്ന 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുടെ ഫീസ് ഇനത്തിൽ തന്നെ എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് പ്രതിവർഷം 3,000 കോടി രൂപയുടെ അധികലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ ഇരട്ടിയോളം ഗൂഗിൽ ഉൾപ്പെടെ യു എസ് അധിഷ്ഠിത കമ്പനികൾക്ക് ലഭിക്കും. ഇത്തരം കമ്പനികൾ സൗജന്യമായി പേമെന്റ് ആപ്പുകൾ പ്രവര്‍ത്തിപ്പിക്കുന്നു എന്ന പ്രതീതിയാണ് സൃഷ്ടിച്ചെടുത്തത്. യഥാര്‍ത്ഥത്തിൽ ഇവര്‍ കയ്യാളുന്നത് ഓരോ പൗരനെയും സംബന്ധിച്ചും അവരുടെ ക്രയവിക്രയങ്ങളെ സംബന്ധിച്ചും ഉള്ള വിലമതിക്കാനാവാത്ത അത്രയും വലിയ ഡാറ്റാ ശേഖരമാണ്.


ലോകത്തിൽ മുന്നിൽ

വലിയ വിപണി


യുപിഐ സംവിധാനം വിജയകരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. അമേരിക്ക ഉൾപ്പെടെ വിദേശ രാജ്യങ്ങൾക്ക് പോലും ഈ മാതൃക പൂര്‍ണമായും പ്രചാരത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. യുപിഐ സംവിധാനം നടപ്പാക്കാൻ തുടങ്ങുമ്പോൾ തന്നെ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു. 2007 ലെ ഇത് സംബന്ധിച്ച നിയമത്തിൽ വെള്ളം ചേര്‍ക്കാൻ ബിജെപി സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തി. ഒടുവിൽ ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. ഇതിനായി പാർലമെന്റിൽ വലിയ ചർച്ചകളില്ലാതെ ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബിൽ അവതരിപ്പിച്ച് പാസാക്കി. ഇതോടെ പേമെന്റ് ഫീസ് ഏര്‍പെടുത്താനുള്ള നിയമ തടസം നീക്കി നൽകി.


നിയമ ഭേദഗതി ഘട്ടത്തിൽ തന്നെ

കബളിപ്പിക്കൽ


പാര്‍ലമെന്റിൽ അവതരിപ്പിച്ച ഭേദഗതി പ്രകാരം യുപിഐ ഫീസ് ഏര്‍പ്പെടുത്തുന്നത് തടഞ്ഞുള്ള നിയമം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി പിൻവലിക്കാവുന്ന തരത്തിലേക്ക് മാറ്റിയെടുക്കുകയാണ് ചെയ്തത്. എപ്പോൾ വേണമെങ്കിലും പാര്‍ലമെന്റിനെ അനുമതിയോ ചര്‍ച്ചയോ ഇല്ലാതെ തന്നെ ഫീസ് ഏര്‍പ്പെടുത്താവുന്ന വിധം നിയമ കുരുക്കഴിച്ച് ലളിതമാക്കി വെച്ചു. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ധനമന്ത്രാലയം ഇതേ അധികാരം ഉപയോഗിച്ച് യുപിഐ ഫീസ് ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.


അമേരിക്ക പറഞ്ഞത് പോലെ

മേദി സര്‍ക്കാര്‍


അമേരിക്കൻ ബഹുരാഷ്ട്ര ഭീമൻമാര്‍ക്ക് ഇന്ത്യക്കാരായ സാധാരണ ജനങ്ങളുടെ കീശയിൽ കൈയിടാൻ അവസരം തുറന്നു നൽകുകയാണ്. ആസൂത്രിത തട്ടിപ്പ് വഴിയാണ് നിയമ ഭേദഗതി സാധ്യമാക്കിയത്. അന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര ഇത് സംബന്ധിച്ച ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി. എങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിൽ ഫീസ് വരുമെന്ന ധ്വനി ഉണ്ടായിരുന്നു. "ധനമന്ത്രി നിർമ്മല സീതാരാമൻ കൊണ്ടുവന്ന ഭേദഗതി പെട്ടെന്ന് തന്നെ യുപിഐക്ക് ഫീസ് ഏർപ്പെടുത്തുന്ന ഒന്നല്ല, ഭാവിയിൽ ആവശ്യമെങ്കിൽ MDR ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരം സർക്കാരിന് നൽകുക മാത്രമാണ് ചെയ്യുന്നത്" എന്നായിരുന്നു മറുപടി. നിയമപരമായി വിലക്കിയ ഒരു കാര്യത്തെ വെറും എക്സിക്യൂട്ടീവ് ഉത്തരവ് വഴി നടപ്പാക്കാവുന്ന ഇനത്തിലേക്ക് മാറ്റിയിരിക്കുന്നു എന്നത് സമ്മതിച്ചു. എന്തിനെന്ന് വ്യക്തമാക്കാതെ സര്‍ക്കാരിനെ അലോരസപ്പെടുത്താതെ ഒഴിഞ്ഞു.


അമേരിക്ക വര്‍ഷം തോറും പുറത്തിറക്കുന്ന നാഷണൽ ട്രേഡ് എസ്റ്റിമേറ്റ് റിപ്പോര്‍ടിൽ ഇത്തവണ ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് നയങ്ങളെ ഒരു വിദശ വ്യാപാര തടസമായി (Foreign Trade Barrier) ചാര്‍ട് ചെയ്തിരുന്നു. അമേരിക്കൻ ഗവൺമെന്റിന്റെ പ്രധാന വ്യാപാര ഏജൻസിയായ യു എസ് ട്രേഡ് റെപ്രസന്ററ്റീവ് (Office of the United States Trade Representative - USTR) നേരിട്ട് തയാറാക്കുന്നതാണ് നാഷണൽ ട്രേഡ് എസ്റ്റിമേറ്റ് റിപ്പോര്‍ട്. യുപിഐ ഇടപാടുകളെ സര്‍വ്വീസ് ചാര്‍ജുകളിൽ നിന്നും വിമുക്തമാക്കുന്ന നിയമ ചട്ടക്കൂട് ദുര്‍ബലമാക്കുക അമേരിക്കൻ ആവശ്യമായിരുന്നു.


യു എസ് സാമ്പത്തിക ഭീമൻമാരായ വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പ്രതിനിധികൾ നേരത്തെ തന്നെ ഈ ആവശ്യം യു എസ് ട്രേഡ് റെപ്രസന്ററ്റീവ് സമിതിക്ക് മുൻപാകെ വെച്ചിരുന്നതാണ്. ഇന്ത്യയുടെ യുപിഐ, റൂപേ, ഡാറ്റാ ലോക്കലൈസേഷൻ നയങ്ങൾ തങ്ങളുടെ വ്യാപാരങ്ങൾക്ക് തടസമാണെന്ന് അവര്‍ നിരന്തരം വാദിച്ചിരുന്നു. ഇതിന് വഴങ്ങി രാജ്യത്തെ സര്‍വ്വ പൗരൻമാരുടെയും ഇടപാടുകളിൽ നിന്ന് നേരിട്ട് പണം പിടുങ്ങാവുന്ന സാഹചര്യം തുറന്നു നൽകിയിരിക്കയാണ്.


ഇന്ത്യയിലെ യുപിഐ പേമെന്റുകളിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ഗൂഗിൾ പേ, ഫോൺ പേ എന്നീ ആപ്പുകളാണ്.ഗൂഗിൾ പേ അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിന്റേതാണ്. ഫോൺ പേ അമേരിക്കൻ റീട്ടെയിൽ ഭീമനായ വാൾമാര്‍ട്ടിന് ഭൂരിപക്ഷം ഓഹരി വിഹിതമുള്ളതാണ്.


ഇവര്‍ക്ക് വേണ്ടി യുപിഐ ഓഹരി പങ്കാളിത്ത നിയന്ത്രണ നിബന്ധന (Market Share Cap) ആറു വര്‍ഷമായി നീട്ടി കൊണ്ടിരിക്കയായിരുന്നു. രാജ്യത്ത് ഇടപാട് നടത്തുന്ന ഒരു തേര്‍ഡ് പാര്‍ടി ആപ്പിനും 30 ശതമാനത്തിൽ അധികം വിപണിവിഹിതം അനുവദിക്കരുത് എന്ന് 2020 ൽ തന്നെ നാഷണൽ പേമെന്റ് കോര്‍പ്പറേഷൻ (NPCI -National Payments Corporation of India) നിബന്ധന വെച്ചിരുന്നു. ഈ ക്യാപ് എര്‍പ്പെടുത്തുന്നത് ഓരോ വര്‍ഷമായി നീട്ടിക്കൊണ്ടിരിക്കയായിരുന്നു. എൻപിസിഐ നിര്‍ദ്ദേശിച്ച ക്യാപിനെ ശക്തമായി എതിര്‍ത്തതും ലോബിയിങ് നടത്തിയതും യുഎസ്ടിആര്‍ എന്ന അമേരിക്കയുടെ Office of the United States Trade Representative ആണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ യുപിഐ ഇടപാടുകളെ മുഴുവൻ കയ്യടക്കുക എന്ന നീക്കമാണ്.


ഡോളറിന്റെ കുരുക്കിൽ അകപ്പെടുത്തിയ പോലെ ഡിജിറ്റൽ പേമെന്റുകളിലും സ്വാധീനവും അധികാര കുത്തകയും ഉറപ്പിക്കുന്നു. ഒപ്പം ഓരോ പൗരനിൽ നിന്നും കാശ് നേരിട്ട് ഈടാക്കാവുന്ന സ്വാതന്ത്ര്യവും നേടിയെടുക്കുന്നു.


താമസിയാതെ തന്നെ സമാനമായ നാടകീയതയോടെ എല്ലാ യുപിഐ പേയ്മെന്റുകൾക്കും മേൽ "യുഎസ് ഫീസ്" എത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home