Deshabhimani

വാഗ്ദാനങ്ങൾ പാലിക്കാതെ നരേന്ദ്ര മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എസ്കെഎം

farmers protest samyukta kisam morcha
വെബ് ഡെസ്ക്

Published on Nov 14, 2026, 12:29 PM | 2 min read

ന്യൂഡൽഹി : കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില കണക്കുകൾ മാത്രം നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). 2021 ഡിസംബർ ഒമ്പതിന് കർഷകസമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്രസർക്കാർ രേഖാമൂലം നൽകിയ ഉറപ്പുകൾ 1,800 ദിവസം പിന്നിട്ടിട്ടും നടപ്പാക്കിയിട്ടില്ല. മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കൽ, സമരത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, വൈദ്യുതി നിയമഭേദഗതിയിൽ കൂടിയാലോചന തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല.


2022 ജൂലൈയിൽ രൂപീകരിച്ച താങ്ങുവില സമിതിയിൽ സർക്കാർ അനുകൂലികൾക്കാണ് മുൻതൂക്കമെന്നും കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും എസ്‌കെഎം ചൂണ്ടിക്കാട്ടി. ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ദീപാവലിക്ക് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചപ്പോഴും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ നീതിക്കായി കാത്തിരിക്കുകയാണ്.


ഡീസൽ വില സംബന്ധിച്ച പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളും എസ്കെഎം ചോദ്യം ചെയ്തു. 2014ൽ ഡൽഹിയിൽ ലിറ്ററിന് 55.49 രൂപയായിരുന്ന ഡീസലിന് ഇപ്പോൾ 95.20 രൂപയാണെന്നും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കർഷകർക്ക് ഇന്ധനവിലയുടെ ഭാരം കുറയുന്നില്ലെന്നും എസ്കെഎം ചൂണ്ടിക്കാട്ടി. പി എം കിസാൻ പദ്ധതിയിലൂടെ വർഷം നൽകുന്ന 6,000 രൂപ വർധിപ്പിക്കാത്തതും കർഷകരുടെ ഉൽപ്പാദനച്ചെലവ് ഉയരുന്നതും സംഘടന ചൂണ്ടിക്കാട്ടി.


കാർഷിക ഉൽപ്പാദനത്തിലെ വർധന കർഷകരുടെ വരുമാനത്തിൽ പ്രതിഫലിക്കുന്നില്ല. സോയാബീൻ, പരുത്തി തുടങ്ങിയ വിളകൾക്ക് പ്രഖ്യാപിത താങ്ങുവിലയേക്കാൾ കുറഞ്ഞ വിലയാണ് ലഭിക്കുന്നത്. കാർഷികമേഖലയിലെ വളർച്ചയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കണക്കുകൾ കേന്ദ്രസർക്കാരിന്റെ തന്നെ സാമ്പത്തിക സർവേയിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ല. 2024ൽ 10,546 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു.


നവംബർ 26ന് ഡൽഹിയിലും രാജ്യത്തെ 100 കേന്ദ്രങ്ങളിലും ലക്ഷക്കണക്കിന് കർഷകരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ഇന്ത്യ– അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാർ ഉൾപ്പെടെയുള്ള കരാറുകൾ ഉപേക്ഷിക്കുക, ഉൽപ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നിയമപരമായി ഉറപ്പാക്കുക, സമ്പൂർണ കാർഷിക കടാശ്വാസം നടപ്പാക്കുക, ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, പെൻഷനും ഇൻഷുറൻസും ഉറപ്പാക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം തടയുക, വിത്ത് ബിൽ 2025 പിൻവലിക്കുക, കർഷകരുടെയും ആദിവാസികളുടെയും ഭൂമിയവകാശം സംരക്ഷിക്കുക, നാല് ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.


2047ലെ വികസനലക്ഷ്യങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രധാനമന്ത്രി ഇന്നത്തെ കർഷകരുടെ ജീവിതപ്രതിസന്ധികൾക്ക് പരിഹാരം കാണാൻ തയ്യാറാകണമെന്ന് എസ്‌കെഎം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ലംഘിച്ച വാഗ്ദാനങ്ങൾ നവംബർ 26ലെ പ്രതിഷേധത്തിൽ വീണ്ടും ഉന്നയിക്കുമെന്നും എസ്‌കെഎം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home