ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ യുവാവ് കാൽപത്തി മുറിച്ചുമാറ്റി; ലക്ഷ്യം നീറ്റ് പരീക്ഷയിലെ ജയം

എ ഐ പ്രതീകാത്മക ചിത്രം
ലഖ്നൗ: നീറ്റ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കാനായി യുവാവ് കാൽപത്തി മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ ജൗൻപൂരിലാണ് സംഭവം. 24കാരനായ സൂരജ് ഭാസ്കറാണ് മെഡിക്കൽ സീറ്റിനായി കടുംകൈ ചെയ്തത്.
എന്ത് വില കൊടുത്തും എംബിബിഎസ് കോഴ്‌സിൽ പ്രവേശനം നേടാൻ സൂരജ് ആഗ്രഹിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നീറ്റ് പരീക്ഷയിൽ മാർക്ക് ഇളവ് കിട്ടുന്നതടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇതിന് വേണ്ടിയാണ് കാൽപത്തിയുടെ ഒരു ഭാഗം ഇയാൾ മുറിച്ചുമാറ്റിയത്. ജനുവരി 18നാണ് സംഭവം നടന്നത്.
ഫാർമസിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ സൂരജ് എംബിബിഎസ് കരസ്ഥമാക്കാനായി നീറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. തന്നെ അജ്ഞാതർ ആക്രമിച്ചെന്നും ആക്രമണത്തിൽ കാൽപത്തി നഷ്ടമായെന്നുമാണ് സൂരജ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ സൂരജിന്‍റെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഇയാളുടെ കോൾ റെക്കാർഡുകൾ പരിശോധിച്ചു. പെൺ സുഹൃത്തിനോട് സംസാരിച്ച ഫോൺ രേഖകളിലൂടെയാണ് എംബിബിഎസ് സീറ്റ് കിട്ടാനായി കാൽമുറിച്ചതാണെന്ന് വ്യക്തമായത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സക്ക് ശേഷം കൂടുതൽ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.










0 comments