ഇൻഷുറൻസ് തുക കിട്ടാൻ മകനെ കൊന്നു; അമ്മയും കാമുകനും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

uttarpradesh kanpur
വെബ് ഡെസ്ക്

Published on Oct 31, 2025, 01:07 PM | 1 min read

കാൺപൂർ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 22 വയസ്സുള്ള മകനെ അമ്മയുടെ അറിവോടെ കൊലപ്പെടുത്തി. സംഭവത്തിൽ അമ്മ​യെയും കാമുകനെയും അയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂർ ദേഹത്തിലാണ് സംഭവം.


പ്രദീപ് ശർമ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ മമതാ ദേവി, മമതയുടെ കാമുകൻ മായങ്ക് കത്യാർ, ഇയാളുടെ സഹോദരൻ ഋഷി കത്യാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ പേരിൽ എടുത്ത നാല് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള 40 ലക്ഷം രൂപ തട്ടിയെടുക്കാനാണ് മൂവരും ചേർന്ന് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.


ഒക്ടോബർ 26ന് രാത്രി ബറൗർ മേഖലയിലെ അംഗദ്പൂർ ഗ്രാമത്തിലാണ് കൊലപാതകം നടത്തിയത്. കൊലപാതക ശേഷം മൃതദേഹം സമീപമുള്ള ദേശീയപാതയിൽ ഉപേക്ഷിച്ചു. മരണം വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്.


അഞ്ചു വർഷമായി ആന്ധ്രാപ്രദേശിൽ ജോലി ചെയ്യുകയായിരുന്ന പ്രദീപ് ദീപാവലിയോടനുബന്ധിച്ചാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒക്ടോബർ 26 ന് രാത്രി ഏഴ് മണിയോടെ ഭക്ഷണം കഴിക്കാൻ പോകാമെന്ന് പറഞ്ഞ് ഋഷിയും മായങ്കും ചേർന്ന് പ്രദീപിനെ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ചുറ്റിക ഉപയോഗിച്ച് പ്രദീപിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കുകയുമായിരുന്നു.


പ്രദീപിനെ കാണാനില്ലെന്ന് ആരോപിച്ച് ബന്ധുക്കളയ ശിവും സൗരഭും ബറൗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അന്വേഷണത്തിനിടെ ഒരു മൃതദേഹം കണ്ടെത്തിയ വിവരം ഡെറാപ്പൂർ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിൽ ഇത് പ്രദീപാണെന്ന് സ്ഥിരീകരിച്ചു.


സംഭവത്തിൽ അസ്വാഭാവികത തോന്നിയ പ്രദീപിന്റെ മുത്തച്ഛൻ ജഗദീഷ് നാരായണനും ബന്ധുക്കളും മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പരാതി നൽകി. ഋഷിയെയും മായങ്കിനെയും ചോദ്യം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.


രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മായങ്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. മായങ്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളുടെ സഹോദരൻ ഋഷിയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇവരുടെ മൊഴികൾ അനുസരിച്ചാണ് പിന്നീട് അമ്മ മമതാ ദേവിയെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.








Tags
deshabhimani section

Related News

View More
0 comments
Sort by

Home