ഉത്തർപ്രദേശിൽ ടോൾ പ്ലാസയിലേക്ക് എൽപിജി ടാങ്കർ ലോറി ഇടിച്ചുകയറി; 5 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്-കാൻപൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന സിഹോരി ടോൾ പ്ലാസയിൽ പാചകവാതക ടാങ്കർ ഇടിച്ചുകയറി പൊട്ടിത്തെറി. അപകടത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കാൻപൂരിൽ നിന്ന് വാരണസിയിലേക്ക് പോകുകയായിരുന്ന എൽപിജി ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറിയ ടാങ്കറിൽ നിന്ന് വാതകം ചോർന്നതിനെത്തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനം സംഭവിക്കുകയായിരുന്നു. തീജ്വാലകൾ രണ്ട് കിലോമീറ്റർ അകലെ വരെ ദൃശ്യമായിരുന്നു.
ടോൾ പ്ലാസ പരിസരം പൂർണ്ണമായും തീഗോളമായി മാറി. അപകടത്തിൽ ടാങ്കർ ഡ്രൈവർ ധർമേന്ദ്ര ദുബെ (40), ടോൾ പ്ലാസ ജീവനക്കാരൻ അശോക് സിങ് എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ടോൾ പ്ലാസ ജീവനക്കാരായ അനിൽ കുമാർ, ഹിരാമണി സിങ്, കൃഷ്ണപാൽ മൗര്യ എന്നിവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരിക്കേറ്റ മറ്റ് നിരവധി പേർ പ്രയാഗ്‌രാജിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനത്തെത്തുടർന്ന് ടോൾ പ്ലാസയിൽ പാർക്ക് ചെയ്തിരുന്ന 16 ബൈക്കുകളും രണ്ട് കാറുകളും പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനായി ഒരു സാങ്കേതിക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.











0 comments